
മുംബൈ: ടാറ്റാ സണ്‍സിലെ മിസ്ട്രിയുടെ കുടുംബത്തിന്റെ 18.4 ശതമാനം ഓഹരിയുടെ മൂല്യം 70,000 കോടി രൂപയ്ക്കും 80,000 കോടി രൂപയ്ക്കും ഇടയിലാണെന്ന് ടാറ്റ ഗ്രൂപ്പ് കണക്കാക്കുന്നു. മിസ്ട്രി കുടുംബം 1.78 ട്രില്യണ്‍ രൂപയാണ് തങ്ങളുടെ ഓഹരിയുടെ മൂല്യമായി അവകാശപ്പെടുന്നത്. മിസ്ട്രി കുടുംബത്തിന്റെ ഓഹരികളുടെ മൂല്യം 70,000-80,000 കോടി രൂപയാണെന്നും ടാറ്റ സണ്‍സ് അംഗത്തിന് മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളെക്കുറിച്ച് ആരോപണം ഉന്നയിക്കാന്‍ കഴിയില്ലെന്നും ഇന്ന് സുപ്രീം കോടതിയില്‍ നടന്ന ഹിയറിംഗിനിടെ, ടാറ്റ സണ്‍സ് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അഭിപ്രായപ്പെട്ടു.
ടാറ്റാ ഗ്രൂപ്പിന് വേണ്ടി മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ അത്ഭുതകരമായി പ്രവര്‍ത്തിപ്പിച്ചതായും 1991 നും 2012 നും ഇടയില്‍ ടാറ്റയുടെ വിപണി മൂലധനം 500 മടങ്ങ് ഉയര്‍ന്നതായും ടാറ്റാ സണ്‍സിനെ പ്രതിനിധീകരിച്ച് സാല്‍വെ വ്യക്തമാക്കി. '500 ശതമാനം വളര്‍ച്ചാ മുന്നേറ്റം ഉണ്ടാകുമ്പോള്‍ ചില വിജയ പദ്ധതികളും ചില പരാജിത പദ്ധതികളും ഉണ്ടാകും. ചില ബിസിനസുകള്‍ നഷ്ടം വരുത്തുന്നു എന്നതുകൊണ്ട്, ടാറ്റാ സണ്‍സില്‍ തെറ്റായ മാനേജ്‌മെന്റ് ഉണ്ടെന്ന് അര്‍ത്ഥമാക്കേണ്ടതില്ല,'' സാല്‍വെ വാദിച്ചു.
സൈറസ് മിസ്ട്രിയെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി പുന: സ്ഥാപിക്കാനും, മിസ്ട്രിയുടെ പിന്‍ഗാമിയായ എന്‍ ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുകൊണ്ട് എന്‍സിഎല്‍ടി കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ ഉത്തരവിനെതിരെ ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്‍സിഎല്‍ടി വിധി ജുഡീഷ്യല്‍ അവലോകനത്തിന്റെ പരിധിക്കപ്പുറത്തേക്ക് പോയതായും സാല്‍വെ പറഞ്ഞു.