
ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി കുതിക്കുന്നു. ഗവണ്‍മെന്റിന്റെ പിഎല്‍ഐ സ്‌കീം ഇതിന് സഹായകരമായി. 2022 മാര്‍ച്ച് 31 ന് ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകളുടെ കയറ്റുമതി 43,500 കോടി രൂപ കവിയുമെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകളുടെ കയറ്റുമതി ഒരു വര്‍ഷത്തിനുള്ളില്‍ 75 ശതമാനം ഉയര്‍ന്നു. 2020-21 അവസാനത്തോടെഏകദേശം 24,000 കോടി രൂപയുടേതായിരുന്നു കയറ്റുമതി എങ്കില്‍ ഈ മാസം ആദ്യം 42,000 കോടി രൂപയായി കയറ്റുമതി ഉയര്‍ന്നു.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 570 കോടി ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. മൂന്ന് കോവിഡ് തരംഗങ്ങള്‍, തൊഴിലാളികളുടെ നഷ്ടം, ലോക്ക്ഡൗണുകള്‍, ഫോണ്‍ നിര്‍മാണത്തിനാവശ്യമായ ചിപ്പുകളുടെയും മറ്റ് അനുബന്ധ ഘടകങ്ങളുടെയും ക്ഷാമം എന്നിവ ഉത്പാദന മേഖലയെ ബാധിച്ചിരുന്നു.
എന്നാല്‍ പ്രതിസന്ധി ഘട്ടത്തിലും മൊബൈല്‍ ഫോണ്‍ കയറ്റുമതി രംഗം മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നത് ആപ്പിളും സാംസങ്ങുമാണ്. ഉത്പാദന മേഖലയിലെ സര്‍ക്കാര്‍ ഇടപെടലിന്റെ ഫലമാണ് സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയിലെ വര്‍ധന എന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
മൊബൈല്‍ വ്യവസായം, ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തെ മേക്ക് ഇന്‍ ഇന്ത്യ ഫോര്‍ ദ വേള്‍ഡ് എന്ന് പുനര്‍ നിര്‍വചിച്ചിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍, ഇന്ത്യയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ദക്ഷിണേഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കമ്പനികള്‍ യൂറോപ്പിലെയും മറ്റ് വികസിത ഏഷ്യന്‍ രാജ്യങ്ങളിലെയും മത്സരാധിഷ്ഠിത വിപണികള്‍ ലക്ഷ്യമിടുന്നു. ഇതിനനുസരിച്ച് ഉയര്‍ന്ന നിലവാരത്തില്‍ തന്നെയാണ് ഫോണുകളുടെ നിര്‍മാണം.
ആഗോള കമ്പനികളുടെ നിര്‍മാണ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് മാറ്റുക, കയറ്റുമതി വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ പിഎല്‍ഐ പദ്ധതിയ്ക്കുണ്ട്. 2020-ലെ അനിശ്ചിതത്വത്തിന് ശേഷം, 2021-ല്‍ വ്യവസായ മേഖല സ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ആണ് പദ്ധതിക്ക് കീഴില്‍ ലക്ഷ്യമിടുന്നത്.
സാംസങ്, ഫോക്സ്‌കോണ്‍, റൈസിംഗ് സ്റ്റാര്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ ആഗോള കമ്പനികളും ലാവ, മൈക്രോമാക്സ്, പാഡ്ജെറ്റ് ഇലക്ട്രോണിക്സ്, യുടിഎല്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ കമ്പനികളും മൊബൈല്‍ ഫോണ്‍ പിഎല്‍ഐ പദ്ധതിയില്‍ പങ്കാളികളായി. അഞ്ച് വര്‍ഷ കാലയളവില്‍ പദ്ധതിക്ക് കീഴിലുള്ള അംഗീകൃത കമ്പനികള്‍ മൊത്തം 10.5 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനം നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.പിഎല്‍ഐ സ്‌കീമിന് കീഴില്‍, 2020-21 നും 2025-26 നും ഇടയില്‍ സര്‍ക്കാര്‍ 40,951 കോടി രൂപ അനുവദിച്ചിട്ടുണ്ട്.