
ന്യൂഡൽഹി: കോവിഡ് ബാധമൂലമുള്ള അടച്ചിടലിനെതുടര്‍ന്ന് രാജ്യത്തെ മൊബൈല്‍ റീച്ചാര്‍ജില്‍ 35 ശതമാനം കുറവുണ്ടായതായി വിലയിരുത്തല്‍. അടച്ചിടല്‍ തുടങ്ങി 11 ദിവസമായപ്പോഴാണ് റീച്ചാര്‍ജുകളില്‍ ഇത്രയും ഇടിവുണ്ടായത്. അതിഥി തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായതാണ് കാര്യമായ വരുമാനനഷ്ടത്തിനിടയാക്കിയതെന്ന് വിപണിയില്‍നിന്നുള്ളവര്‍ പറയുന്നു.
37 കോടി ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളില്‍ 50 ശതമാനംപേരെയും അടച്ചിടല്‍ ബാധിച്ചതായാണ് കണക്ക്. ഇതില്‍തന്നെ 9 കോടിപേരും റിലയന്‍സ് ജിയോ ഉപയോഗിക്കുന്നവരാണ്. 115 കോടിവരുന്ന മൊബൈല്‍ വരിക്കാരില്‍ 90 ശതമാനംപേരും പ്രീ പെയ്ഡ് ഉപഭോക്താക്കളാണ്. സേവനം തുടര്‍ന്നും ലഭിക്കാന്‍ നിശ്ചിത കാലായളവ് കഴിയുമ്പോള്‍ റീച്ചാര്‍ജ് ചെയ്യുന്നവരാണിവര്‍.
ഏപ്രില്‍ 14 വരെ അടച്ചിടലായതിനാല്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയാത്തവരാണ് കുടിയേറ്റ തൊഴിലാളികളേറെയും. ഈ സാഹചര്യം പരിഗണിച്ച് എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ കാലാവധി ഏപ്രില്‍ 17വരെ നീട്ടിനല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ റീച്ചാര്‍ജുകളാണ് ഇപ്പോള്‍പേരിനെങ്കിലും നടക്കുന്നത്. കടകളടച്ചിട്ടിരിക്കുന്നതിനാല്‍ ആവഴിയുള്ള റീച്ചാര്‍ജ് ചെയ്യല്‍ പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. 50 ശതമാനത്തോളംവരുന്ന ഫീച്ചര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം പ്രധാന മൂന്ന് ടെലികോം കമ്പനികള്‍ക്കും കൂടി 15 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.