
വോഡഫോണ്‍ ഐഡിയ (വീ), എയര്‍ടെല്‍ തുടങ്ങിയ ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്താന്‍ പദ്ധതിയിടുന്നതിനാല്‍ ഈ പുതുവര്‍ഷത്തില്‍ ഫോണ്‍ ബില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നഷ്ടത്തിലായ ടെലികോം കമ്പനികള്‍ നഷ്ടം നികത്താനും സാമ്പത്തിക നില മെച്ചപ്പെടുത്താനുമായാണ് ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ താരിഫ് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നത്.
വൊഡാഫോണ്‍ ഐഡിയ (വീ) 15 മുതല്‍ 20 ശതമാനം വരെ താരിഫ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ളതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വീയ്ക്ക് പിന്നാലെ ഭാരതി എയര്‍ടെല്ലും താരിഫുകള്‍ ഉയര്‍ത്തിയേക്കാം. എന്നാല്‍ ഇരു കമ്പനികളും എതിരാളികളായ റിലയന്‍സ് ജിയോയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് അവരുടെ നിരക്കുകള്‍ കണക്കാക്കുകയും ചെയ്യും.
റെഗുലേറ്റര്‍ തറവില നിശ്ചയിക്കുന്നത് കാത്തിരിക്കുകയാണെങ്കിലും കമ്പനികള്‍ അതിന് മുമ്പ് തന്നെ താരിഫ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. വീ ഡിസംബര്‍ ആദ്യം തന്നെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താരിഫ് 25% വരെ ഉയര്‍ത്തുന്നതിനെക്കുറിച്ച് ആഭ്യന്തര ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് നിരക്ക് ഉയര്‍ത്താന്‍ സാധ്യത കുറവാണ്.
രാജ്യത്തെ മൂന്ന് സ്വകാര്യ ടെല്‍കോം കമ്പനികള്‍ 2019 ഡിസംബറില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു, 2016 ല്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം രംഗത്തെത്തിയതിന് ശേഷം ആദ്യമായാണ് 2019ല്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഇപ്പോഴത്തെ താരിഫ് നിരക്കുകള്‍ സുസ്ഥിരമല്ലെന്ന് വീ എംഡി രവീന്ദര്‍ താക്കര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇതേ കാര്യം കഴിഞ്ഞ ദിവസം എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തലും വ്യക്തമാക്കി. താരിഫ് വര്‍ദ്ധനവ് തീരുമാനം വളരെ അകലെയല്ലെന്ന സൂചനകളാണ് താക്കര്‍ നല്‍കിയത്.
ജിയോ താരിഫ് നിരക്ക് ഉയര്‍ത്തുമോ എന്നതാണ് എതിരാളികളും ഉപഭോക്താക്കളും ഒരുപോലെ കാത്തിരിക്കുന്നത്. ജിയോയ്ക്ക് നിലവില്‍ പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍, എയര്‍ടെലിന്റെ 14 മില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോ 7 മില്യണ്‍ പുതിയ വരിക്കാരെ മാത്രേമ ചേര്‍ത്തിട്ടുള്ളൂ. വീയ്ക്ക് 8 മില്യണ്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടു.