നിരക്ക് വര്‍ധനയുമായി ടെലികമ്യൂണിക്കേഷന്‍ മേഖല മുന്നോട്ടെന്ന് സൂചന

February 10, 2022 |
|
News

                  നിരക്ക് വര്‍ധനയുമായി ടെലികമ്യൂണിക്കേഷന്‍ മേഖല മുന്നോട്ടെന്ന് സൂചന

ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ രാജ്യത്ത് വീണ്ടും നിരക്ക് വര്‍ധനയുടെ സൂചന നല്‍കി എയര്‍ടെല്‍ ചീഫ്എക്സിക്യൂട്ടിവ് ഓഫീസര്‍ ഗോപാല്‍ വിട്ടല്‍. 5ജി സേവനം രാജ്യത്ത് വ്യാപകമാക്കുന്നതിനായുള്ള തയാറെടുപ്പിനിടെയാണ് വീണ്ടുമൊരു നിരക്ക് വര്‍ധന ഉണ്ടാകാന്‍ പോകുന്നത്. അടുത്ത മൂന്ന്/നാല് മാസത്തിനുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായേക്കുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

വിപണിയിലെ മത്സരവും വരിക്കാരുടെ വളര്‍ച്ചയുമെല്ലാം പരിഗണിച്ചാകും ഇത്. ആവശ്യമെങ്കില്‍ നിരക്ക് വര്‍ധനയ്ക്ക് മടിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു വരിക്കാരനില്‍ നിന്നുള്ള ശരാശരി വരുമാനം 163 രൂപയില്‍ നിന്ന് 200 രൂപയായി വര്‍ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ നവംബറില്‍ എയര്‍ടെല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. അതിനു പിന്നാലെ വോഡഫോണ്‍ ഐഡിയ, ജിയോ എന്നിവയും നിരക്ക് കൂട്ടി. ഏകദേശം 20 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

വോഡഫോണ്‍ ഐഡിയ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ രവീന്ദ്രര്‍ താക്കറും കഴിഞ്ഞ മാസം നിരക്ക് വര്‍ധനയെ കുറിച്ച് സൂചന നല്‍കിയിരുന്നു. വരിക്കാരില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ വളര്‍ച്ച ഉണ്ടാകുമ്പോഴും കമ്പനികളുടെ വരിക്കാരുടെ എണ്ണം കുറയുന്നതായാണ് സൂചന. മൂന്നാം ത്രൈമാസത്തെ കണക്കനുസരിച്ച് എയര്‍ടെല്ലിന് ആറു ലക്ഷം, ജിയോ 85 ലക്ഷം, വോഡഫോണ്‍ ഐഡിയ 58 ലക്ഷം വരിക്കാരെ നഷ്ടമായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 5ജി സ്പെക്ട്രം ലേലം മേയ്-ജൂണ്‍ കാലയളവില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved