സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ തന്നെ മൊബൈല്‍ ടവര്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കും; കരട് മാര്‍ഗരേഖ തയാറായി

February 13, 2021 |
|
News

                  സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ തന്നെ മൊബൈല്‍ ടവര്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കും;  കരട് മാര്‍ഗരേഖ തയാറായി

തിരുവനന്തപുരം: ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള തടസ്സം പരിഗണിച്ച് സര്‍ക്കാര്‍ ഭൂമിയിലും സര്‍ക്കാര്‍ തന്നെ മൊബൈല്‍ ടവര്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കാനുള്ള പദ്ധതിയുടെ കരട് മാര്‍ഗരേഖ തയാറായി. പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച ശേഷം മാര്‍ഗരേഖ അന്തിമമാക്കും.

സര്‍ക്കാരിനു വേണ്ടി പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) ആണ് ടവറുകള്‍ നിര്‍മിക്കുക. ഒരു ടവര്‍  കുറഞ്ഞത് 3 മൊബൈല്‍ സേവനദാതാക്കള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും (ഷെയേഡ് ടെലികോം ടവര്‍) നിര്‍മാണം.

ടവറുകള്‍ക്കെതിരെയുള്ള പ്രതിഷേധം മൂലം പലയിടത്തും കണക്ടിവിറ്റി ഉറപ്പാക്കാന്‍ കഴിയാതെ വന്നതോടെയാണ് 2017ലെ ഐടി നയത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷെയേഡ് ടവറുകള്‍ എന്ന ആശയം കൊണ്ടുവന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തും സമാനമായ ശ്രമമുണ്ടായെങ്കിലും നടപ്പായില്ല.കരട് രേഖ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. അവസാന തീയതി ഈ മാസം  21.

കരട് മാര്‍ഗരേഖ:

1. ടവറുകള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ സ്ഥലങ്ങള്‍ കണ്ടെത്തി നിരാക്ഷേപ പത്രത്തിനായി സര്‍ക്കാരിന്റെ ഏകജാലക സംവിധാനത്തിലേക്ക് അയയ്ക്കും. പ്രത്യേക സമിതി അംഗീകരിച്ച സ്ഥലങ്ങള്‍ ജിയോ ലൊക്കേഷന്‍ സഹിതം ഓണ്‍ലൈനായി പ്രസിദ്ധീകരിക്കും.

2. താല്‍പര്യമുള്ള സേവനദാതാക്കള്‍ക്ക് അപേക്ഷ നല്‍കി കെഎസ്‌ഐടിഐഎല്ലുമായി കരാര്‍ ഒപ്പിടാം. സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കിയ ശേഷം 6 മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ടവര്‍ നിര്‍മിച്ചു നല്‍കണം. ഇല്ലെങ്കില്‍ പണം തിരികെ നല്‍കേണ്ടി വരും. കണക്ടിവിറ്റി ആവശ്യമായ നിശ്ചിത മേഖലയില്‍ സേവനദാതാക്കള്‍ സന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ ചെലവില്‍ ടവര്‍ നിര്‍മിക്കും.

3. അനുമതി നല്‍കുക 10 വര്‍ഷത്തെ ഉപയോഗത്തിന്. പിന്നീട് 5 വര്‍ഷം കൂടുമ്പോള്‍ പുതുക്കും. ഗ്രൗണ്ട് ബേസ്ഡ് ടവറുകളും കെട്ടിടങ്ങളില്‍ നിര്‍മിക്കുന്ന റൂഫ് ടോപ്പ് ടവറുകളുമുണ്ടാകും. സ്ഥലവും കെട്ടിടവും ഉപയോഗിക്കുന്നതിന്റെ വാടക കെഎസ്‌ഐടിഐഎല്‍ റവന്യു വകുപ്പിന് നല്‍കും. ജില്ലാ ടെലികോം സമിതികള്‍ പരാതികള്‍ പരിഗണിക്കും.

Related Articles

© 2025 Financial Views. All Rights Reserved