
ന്യൂഡല്‍ഹി: നാല് പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി വിഹിതം വെട്ടിക്കുറയ്ക്കാനുളള നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുക്കോ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ഈ നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയില്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യക്ഷവും പരോക്ഷവുമായ ഹോള്‍ഡിംഗുകളിലൂടെ ഭൂരിപക്ഷ ഓഹരി വിഹിതമുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതായി രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നാല് ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മാസം ആദ്യം ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് വ്യക്തമാക്കുന്നു.
കോവിഡ് -19 പകര്‍ച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് നികുതി പിരിവ് കുറയുന്നതിനിടയില്‍ ബജറ്റ് ചെലവുകള്‍ക്കായുളള ധനസമാഹരണത്തിനായി ബാങ്കുകളുടെയും മറ്റ് സര്‍ക്കാര്‍ കമ്പനികളുടെയും സ്വകാര്യവല്‍ക്കരണം വേഗത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. പൊതുമേഖല ബാങ്കിംഗ് വ്യവസായത്തിന്റെ പുന:സംഘടനയുടെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ എണ്ണം നാലോ അഞ്ചോ ആയി കുറച്ചേക്കുമെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഐഡിബിഐക്ക് പുറമേ ഇന്ത്യയില്‍ നിലവില്‍ ഒരു ഡസന്‍ പൊതുമേഖലാ ബാങ്കുകളുണ്ട്. ഐഡിബിഐ ബാങ്കില്‍ സര്‍ക്കാരിന് 47.11 ശതമാനവും പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് 51 ശതമാനം ഓഹരി വിഹിതവുമാണുളളത്.