
ന്യൂൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഫണ്ടില്‍ കുറവ് വരുത്തിയേക്കുമെന്ന് സൂചന. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സസ്‌കൂളുകള്‍ക്ക് അനുവദിച്ച 3000 കോടി രൂപയുടെ ഫണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറക്കാന്‍ നീക്കം നടത്തുന്നത്. നടപ്പുവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാറിന് വിവിധ പദ്ധതികള്‍ക്ക് വേണ്ട വിധത്തില്‍ ഫണ്ട് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാകണം സ്‌കൂളുകള്‍ക്ക് അനുവദിച്ച ഫണ്ടില്‍ കുറവ് വരുത്താന്‍ തീരുമാനം എടുത്തിട്ടുള്ളത്.
നിലവില്‍ കേന്ദ്രസര്‍ക്കാറിന് ഫണ്ടിന്റെ അപര്യാപ്തയുണ്ടെന്നും കേന്ദ്ര മാനവിഭവ ശേഷി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം എച്ച്ആര്‍ഡി വകുപ്പിനെ അറിയിച്ചെന്നാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി യോഗം ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷം ബജറ്റില്‍ 56,536.63 കോടി രൂപയോളമാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നീക്കിവെച്ചത്. എന്നാല്‍ ബജറ്റില്‍ നീക്കിവെച്ച മുഴുവന്‍ തുക ലഭിക്കണമെന്ന് എച്ച്ആര്‍ഡി വകുപ്പ് വാദിച്ചെങ്കിലും ധനമന്ത്രാലയം അംഗീകരിച്ചില്ല. സാമ്പത്തിക ഞെരുക്കം മൂലം കൂടുതല്‍ ഫണ്ട് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് ധനമന്ത്രാലയം പറയുന്നത്. കൂടുതല്‍ പണം അനുവദിച്ചാല്‍ മറ്റ് പദ്ധതികള്‍ നടപ്പിലാക്കാന്‍ പണമില്ലാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം ഫണ്ടിന്റെ അപര്യാപ്തത സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കേണ്ട നിരവധി പദ്ധതികള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നല്‍കിയ ഫണ്ടിന്റെ കണക്കുകള്‍ കേന്ദ്ര ധനമന്ത്രാലയം പുറത്തുവിടുകയും ചെയ്തു. മൂന്ന് വര്‍ഷത്തിനിടെ 9,000 കോടിയുടെ വളര്‍ച്ചയുണ്ടായെന്ന് കണക്കുകളിലൂടെ പ്രധാനമായും വ്യക്തമാക്കുന്നത്. 2017-18ല്‍ 46,000 കോടിയായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നല്‍കിയിരുന്നത്. 2018-19ല്‍ 50,113 കോടി രൂപയുമാണ് കേന്ദ്രധനമന്ത്രാലയം അനുവദിച്ചിരുന്നത്.