മൂഡീസ് ഇന്ത്യയുടെ സോവറീന്‍ റേറ്റിംഗ് നെഗറ്റീവില്‍ നിന്ന് സ്റ്റേബിള്‍ നിലയിലേക്ക്

October 07, 2021 |
|
News

                  മൂഡീസ് ഇന്ത്യയുടെ സോവറീന്‍ റേറ്റിംഗ് നെഗറ്റീവില്‍ നിന്ന് സ്റ്റേബിള്‍ നിലയിലേക്ക്

പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ സോവറീന്‍ റേറ്റിംഗ് നെഗറ്റീവില്‍ നിന്ന് സ്റ്റേബിള്‍ അഥവ ഭദ്രതയുള്ളത് എന്ന നിലയിലേക്ക് ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷമാണ് സാമ്പത്തിക അസ്ഥിരത സൂചിപ്പിച്ചുകൊണ്ട് മൂഡീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് baa2 വില്‍ നിന്ന് baa3 ആക്കി കുറയ്ക്കുകയും സോവറീന്‍ റേറ്റിംഗ് നെഗറ്റീവ് ആക്കുകയും ചെയ്തത്. സോവറീന്‍ റേറ്റിംഗ് സ്റ്റേബിള്‍ ആക്കിയെങ്കിലും ക്രെഡിറ്റ് റേറ്റിംഗ് baa3 ആയി തുടരുകയാണ്. ഇന്‍വെസ്റ്റ്മെന്റ് ഗ്രേഡില്‍ ഏറ്റവും കുറഞ്ഞ റേറ്റിംഗ് ആണ് baa3.

ഒരു രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുമ്പോളുള്ള റിസ്‌ക് അഥവാ അപകടം എത്രത്തോളം ഉണ്ടെന്നാണ് മൂഡീസ് ഈ റേറ്റിംഗ് കൊണ്ട് സൂചിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ അതിന്റെ സാമ്പത്തിക സംവിധാനത്തിന്‍ മേല്‍ ഉണ്ടാക്കാനിടയുള്ള ആഘാതം കുറഞ്ഞു എന്നാതാണ് പുതിയ നടപടിക്ക് കാരണമായി മൂഡീസ് ചൂണ്ടിക്കാട്ടിയത്. കൊവിഡിനെ തുടര്‍ന്ന് കേന്ദ്രം സമ്പദ്വ്യവസ്ഥയിലേക്ക് വിവിധ ആനുകൂല്യങ്ങളിലൂടെ കൂടുതല്‍ പണം എത്തിച്ചിരുന്നു. സാമ്പത്തിക രംഗത്തിന്റെ വീണ്ടെടുപ്പിന് ഇത് ഗുണകരമായി. ബാങ്കുകളുടെ കിട്ടാക്കടം വീണ്ടെടുക്കാന്‍ കേന്ദ്രം തന്നെ ബാഡ് ബാങ്കുമായി മുന്നിട്ടിറങ്ങിയതും പലിശ നിരക്ക് കുറഞ്ഞതും എല്ലാം മൂഡീസിന്റെ ഇപ്പോഴത്തെ നടപടിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ മൂലധനമെത്തിയെങ്കിലും കട ബാധ്യതയും അത് താങ്ങാനുള്ള രാജ്യത്തിന്റെ ശേഷിയും മാറ്റമില്ലതെ തുടരുകയാണ്. അതുകൊണ്ടാണ് റേറ്റിംഗ് baa3 യില്‍ തുടരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തിന്റെ 26 ശതമാനവും കടബാധ്യതയുടെ പലിശ അടക്കാനാണ് നീക്കിവെക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഇത് 8 ശതമാനം ആണെന്നിരിക്കെ ആണിത്. ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം 12.5 ലക്ഷം കോടി കടമെടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയുടെ ധനക്കമ്മി ഏപ്രില്‍-ആഗസ്റ്റ് കാലയളവില്‍ 4.68 ട്രില്യണ്‍ ഡോളറായിരുന്നു. ബജറ്റില്‍ കണക്കാക്കിയതിന്റെ 31.1 ശതമാനം ആണിത്. കഴിഞ്ഞ വര്‍ഷം 9.3 ശതമാനമായിരുന്ന ധനക്കമ്മി 6.8 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രാജ്യം കരകയറുകയാണെന്ന സൂചന തന്നെയാണ് മൂഡീസിന്റെ നടപടി വ്യക്തമാക്കുന്നത്. സാമ്പത്തിക സ്ഥി മെച്ചപ്പെടുന്നതോടെ ധനക്കമ്മിയിലും കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2019ലേതിനെ മറികടക്കും എന്നാണ് മൂഡീസിന്റെ കണക്കുകൂട്ടല്‍. 9.3 ശതമാനം വളര്‍ച്ചയായിരിക്കും ഇക്കാലയളവില്‍ ഉണ്ടാവുക. റേറ്റിംഗ് സ്റ്റേബിള്‍ ആകുന്നതോടെ സര്‍ക്കാരിനും കോര്‍പറേറ്റുകള്‍ക്കും വിദേശത്ത് നിന്നുള്ള കടമെടുക്കല്‍ ചെലവ് കുറയുകയും കൂടുതല്‍ എളുപ്പമാവുകയും ചെയ്യും. കൂടാതെ സര്‍ക്കരിന്റെയും കോര്‍പ്പറേറ്റുകളുടെയും ബോ്ണ്ടുകളിന്മേലുള്ള വിദേശ നിക്ഷേപകരുടെ ആന്മവിശ്വാസവും കൂടും. അതേ സമയം കഴിഞ്ഞ മെയ് മാസം എസ് &പി ഗ്ലോബല്‍ റേറ്റിങ്ങ് പറയുന്നത് അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗില്‍ മാറ്റമുണ്ടാകില്ല എന്നാണ്.

Read more topics: # Moody’s, # മൂഡീസ്,

Related Articles

© 2025 Financial Views. All Rights Reserved