2009 നേക്കാള്‍ സ്ഥിതി മോശം; ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2.5 ശതമാനമായി ചുരുങ്ങും; ഉത്പ്പാദന മേഖലയാകെ നിശ്ചലം

March 28, 2020 |
|
News

                  2009 നേക്കാള്‍ സ്ഥിതി മോശം; ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2.5 ശതമാനമായി ചുരുങ്ങും; ഉത്പ്പാദന മേഖലയാകെ നിശ്ചലം

ന്യൂഡല്‍ഹി:  കോവിഡ്- ഭീതി മൂലം ആഗോളതലത്തിലെ  ബിസിനസ് പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായിരിക്കുകയാണ്. ലോക  സമ്പദ് വ്യവസ്ഥ മാന്ദ്യകാലമായ 2008-2009നേക്കാള്‍ മോശമാകുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന ജിയോര്‍ജിവ വ്യക്തമാക്കി. കാര്യങ്ങള്‍ വ്യക്തമാണ്. നമ്മള്‍ മാന്ദ്യത്തിലേക്ക് കടന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ ആഗോള സാമ്പത്തിക മാന്ദ്യം നേരിട്ട 2009നേക്കാള്‍ കാര്യങ്ങള്‍ മോശമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകരാഷ്ട്രങ്ങളിലെ സമ്പദ് വ്യവസ്ഥ പൊടുന്നനെ നിശ്ചലമായിരിക്കുകയാണ്.  വിപണിയെ ഉത്തേജിപ്പിക്കുന്നതിനായി കുറഞ്ഞത് രണ്ട് ലക്ഷം കോടി ഡോളറെങ്കിലും വേണ്ടി വരുമെന്നും ക്രിസ്റ്റീന ജിയോര്‍ജിവ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ 83 ബില്ല്യണ്‍ ഡോളറാണ് സര്‍ക്കാറുകള്‍ ഇറക്കിയത്. പക്ഷേ കാര്യങ്ങള്‍ അത്ര നല്ലതല്ല. ആഭ്യന്തര വിഭവങ്ങള്‍ ചുരുങ്ങുകയാണ്. നിരവധി രാജ്യങ്ങള്‍ വലിയ കടക്കെണിയിലാണ്.  80 രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഐഎംഎഫിനോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു. അവരുടെ സാമ്പത്തികാവസ്ഥ പ്രശ്നങ്ങള്‍ക്ക് പര്യാപ്തമല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. വേഗത്തില്‍ ഉപകാരപ്രദമായ തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കാമെന്നും അവര്‍ പറഞ്ഞു. അമേരിക്ക പ്രഖ്യാപിച്ച 2.2 ലക്ഷം കോടിയുടെ രക്ഷാപാക്കേജിനെ ഐഎംഎഫ് സ്വാഗതം ചെയ്തു. 

 അതേസമയം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിലും ഭീമമായ കുറവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിദഗ്ധരില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ്-19 ഭീതി മൂലം സമ്പൂര്‍ണ ലോക്ക്ഡൗണ്‍  പ്രഖ്യാപിച്ചത് വഴി രാജ്യത്തെ ഉത്പ്പാദന മേഖലയാകെ നിശ്ചലമായിരിക്കുന്നു.  2020 ലെ കലണ്ടര്‍ വര്‍ഷത്തില്‍  ഇന്ത്യയുടെ വളര്‍ച്ചയില്‍  2.5 ശതമാനം മാത്രമാകും രേഖപ്പെടുത്തുക.  2021 ലാകട്ടെ  3.5 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസലും വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ഉത്പ്പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് ഏറ്റവും  കുറഞ്ഞനിരക്കിലാകും രേഖപ്പെടുത്തുക.

Related Articles

© 2025 Financial Views. All Rights Reserved