നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച കൂപ്പുകുത്തുമെന്ന് മൂഡിസ്; പ്രതീക്ഷ11.5 ശതമാനം നെഗറ്റീവ് വളര്‍ച്ച

September 12, 2020 |
|
News

                  നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച കൂപ്പുകുത്തുമെന്ന് മൂഡിസ്; പ്രതീക്ഷ11.5 ശതമാനം നെഗറ്റീവ് വളര്‍ച്ച

നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച കൂപ്പുകുത്തുമെന്ന് മൂഡിസ്. 2020 വര്‍ഷം 11.5 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് അമേരിക്കന്‍ സാമ്പത്തികകാര്യ സ്ഥാപനമായ മൂഡിസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് പ്രവചിക്കുന്നത്. നേരത്തെ, നാലു ശതമാനം തകര്‍ച്ച ഇന്ത്യയുടെ കാര്യത്തില്‍ മൂഡീസ് കണക്കാക്കിയിരുന്നു. എന്നാല്‍ ആദ്യപാദം പിന്നിടുമ്പോള്‍ ലോക്ക്ഡൗണ്‍ ആഘാതം രാജ്യത്ത് രൂക്ഷമാണ്. ഒപ്പം കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം കുതിച്ചുയരുന്നതും ഇന്ത്യയെ പ്രതിസന്ധിയിലാഴ്ത്തുന്നു.

നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ കടബാധ്യത മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 90 ശതമാനത്തോളം ഉയരുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. കേന്ദ്രത്തിന്റെ ധനക്കമ്മിയാകട്ടെ, ജിഡിപിയുടെ 7.5 ശതമാനവും തൊടും. മുന്‍ സാമ്പത്തികവര്‍ഷം ജിഡിപിയുടെ 72 ശതമാനമാണ് കടബാധ്യത എത്തിനിന്നത്. ധനക്കമ്മി 4.6 ശതമാനവും.

നേരത്തെ, ആദ്യപാദ ജിഡിപി വളര്‍ച്ചാ നിരക്കില്‍ 23.9 ശതമാനം തകര്‍ച്ച ഇന്ത്യ രേഖപ്പെടുത്തിയിരുന്നു. കൊവിഡ് ഭീതിയും ലോക്ക്ഡൗണുംതന്നെ വീഴ്ച്ചയ്ക്കുള്ള പ്രധാന കാരണങ്ങള്‍. നിലവില്‍ ലോകത്തെ പ്രധാന ജി-20 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥിതിയാണ് ഏറ്റവും മോശം. ഈ സാഹചര്യത്തില്‍ മുന്‍പ് പ്രവചിച്ചിരുന്ന നാലു ശതമാനം തകര്‍ച്ച ഇപ്പോഴത്തെ ചിത്രത്തോട് നീതിപുലര്‍ത്തില്ല. അതുകൊണ്ട് ആദ്യപാദത്തിലെ ജിഡിപി കണക്കുകള്‍ പരിഗണിച്ച് 11.5 ശതമാനം നെഗറ്റീവ് വളര്‍ച്ചയായിരിക്കും നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യ കാഴ്ച്ചവെക്കുക, മൂഡീസ് അറിയിച്ചു.

വളര്‍ച്ചാ നിരക്കില്‍ സംഭവച്ചിരിക്കുന്ന വലിയ ഇടിവ് സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കും. കൊറോണ വ്യാപനം തടയാന്‍ കൈക്കൊള്ളുന്ന നടപടികളുടെ ചിലവുകളും കൂടി കണക്കിലെടുത്താല്‍ നടപ്പു സാമ്പത്തികവര്‍ഷത്തെ ധനക്കമ്മി 12 ശതമാനമായി ഉയരുമെന്ന് മൂഡീസ് പറയുന്നു. ജിഡിപിയുടെ 7.5 ശതമാനമായിരക്കും കേന്ദ്രം നേരിടുന്ന ധനക്കമ്മി. സംസ്ഥാനങ്ങള്‍ക്ക് 4.5 ശതമാനം ധനക്കമ്മി മൂഡീസ് പ്രവചിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മൊത്തം കടബാധ്യത കുത്തനെ ഉയരും. ഇതേസമയം, 2021 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ തിരിച്ചുവരവിന് കളമൊരുക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ പ്രതിസന്ധികള്‍ മറികടന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായാല്‍ ജിഡിപി നിരക്ക് 10.6 ശതമാനം വരെ മെച്ചപ്പെടാമെന്ന് മൂഡീസ് സൂചിപ്പിച്ചിട്ടുണ്ട്.

നേരത്തെ, ഗോള്‍ഡ്മാന്‍ സാക്ക്സും ഫിച്ചും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രവചിച്ചിരുന്നു. 14.8 ശതമാനം തകര്‍ച്ചയോടെയായിരിക്കും ഇന്ത്യ നടപ്പു സാമ്പത്തികവര്‍ഷം പിന്നിടുകയെന്നാണ് ഗോള്‍ഡ്മാന്‍ സാക്ക്സിന്റെ വിലയിരുത്തല്‍. 10.5 ശതമാനം തകര്‍ച്ച ഫിച്ച് റേറ്റിങ്ങും പ്രവചിച്ചിട്ടുണ്ട്. ആഭ്യന്തര സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇന്ത്യാ റേറ്റിങ്ങ്സ് 11.8 ശതമാനം ഇടിവാണ് ജിഡിപിയില്‍ കണക്കുകൂട്ടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved