ഇന്ത്യയുടെ വളര്‍ച്ച പ്രവചനം വീണ്ടും പരിഷ്‌കരിച്ച് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ്; സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനയോ?

November 19, 2020 |
|
News

                  ഇന്ത്യയുടെ വളര്‍ച്ച പ്രവചനം വീണ്ടും പരിഷ്‌കരിച്ച് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ്;  സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനയോ?

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച പ്രവചനം മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് വ്യാഴാഴ്ച പരിഷ്‌കരിച്ചു. സമ്പദ്വ്യവസ്ഥ 10.5 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജനം (ആത്മനിര്‍ഭര്‍ ഭാരത് 3.0 പാക്കേജ്) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് പുതിയ പരിഷ്‌കരണം.

കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച 2.65 ട്രില്യണ്‍ രൂപയുടെ ഉത്തേജക പാക്കേജ്, ഇന്ത്യയുടെ ഉല്‍പാദന മേഖലയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കല്‍ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സി അറിയിച്ചു. ഉല്‍പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ (പിഎല്‍ഐ) നല്‍കുന്ന പദ്ധതി 10 മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് ഉല്‍പാദന മേഖലയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുമെന്നും സ്വകാര്യ നിക്ഷേപം പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മൂഡീസ് വ്യക്തമാക്കി.

കൊറോണ വൈറസ് മഹാമാരി ആരംഭിച്ചത് മുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ കൂടുതല്‍ വൈവിധ്യവത്കരണം നടത്തുന്നതിനാല്‍, സര്‍ക്കാരിന്റെ ഉത്തേജന പാക്കേജുകള്‍ സമയബന്ധിതമായി അവതരിപ്പിക്കുന്നത് ഇന്ത്യയുടെ ഉത്പാദന വ്യവസായത്തെ ഉയര്‍ത്താന്‍ സഹായിക്കുമെന്നും മൂഡീസ് പറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍, മൂഡീസ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം നേരത്തെ പ്രതീക്ഷിച്ച 10.6 ശതമാനത്തില്‍ നിന്ന് 10.8 ശതമാനമായി ഉയര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെ കടം 2020 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 89.3 ശതമാനമായും 2021 സാമ്പത്തിക വര്‍ഷത്തില്‍ 87.5 ശതമാനമായും കുറയുമെന്നും മൂഡീസ് പ്രവചിച്ചു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഇതിനകം 72.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഡിപി വളര്‍ച്ചയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് ഭാവിയില്‍ നിലനില്‍ക്കുന്ന ഏതെങ്കിലും ധന ഏകീകരണത്തിന്റെ പ്രധാന പ്രേരകമാകുമെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി വര്‍ദ്ധിക്കുമെന്നും ജിഡിപിയുടെ 12% വരെ എത്തുമെന്നും മൂഡീസ് പ്രതീക്ഷിക്കുന്നു. ഇടക്കാലയളവില്‍ ജിഡിപിയുടെ 7% ആയി കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved