മോറട്ടോറിയം വായ്പ: കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട്

October 10, 2020 |
|
News

                  മോറട്ടോറിയം വായ്പ: കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട്

ന്യൂഡല്‍ഹി: മോറട്ടോറിയം കാലത്തെ ബാങ്ക് വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സാമ്പത്തിക നയങ്ങളില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കി. മോറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശയും പിഴപ്പലിശയും എങ്ങനെ ഈടാക്കും എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി.

മോറട്ടോറിയം കാലത്തെ 2 കോടി രൂപവരെയുള്ള ബാങ്കുവായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര നിലപാട് തൃപ്തികരമല്ലെന്നായിരുന്നു അന്ന് സുപ്രീംകോടതിയുടെ മറുപടി. വരുന്ന ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് നിലപാടില്‍ ഉറച്ച്  കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

പിഴപ്പലിശ ഒഴിവാക്കുന്നതിന് അപ്പുറത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ല, സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍  കോടതി ഇടപെടരുത്, മേഖലകള്‍ തിരിച്ച് ഇളവുകള്‍ നല്‍കണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാകില്ല, പലിശ മുഴുവന്‍ ഒഴിവാക്കിയാല്‍ അത് സമ്പദ്ഘടനയെ ബാധിക്കും ബാങ്കുകള്‍ പ്രതിസന്ധിയിലാകും തുടങ്ങിയ വാദങ്ങളാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രം നിരത്തുന്നത്. മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ ബാങ്കുകള്‍ വായ്പകള്‍ക്ക് പലിശയും പിഴപ്പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പിഴപ്പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുമ്പോള്‍ ഇനി സുപ്രീംകോടതി തീരുമാനം തന്നെയാകും നിര്‍ണായകം.

Related Articles

© 2024 Financial Views. All Rights Reserved