റഷ്യയ്‌ക്കെതിരെ ഉപരോധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്; ഇന്ത്യ ആശങ്കയില്‍

February 24, 2022 |
|
News

                  റഷ്യയ്‌ക്കെതിരെ ഉപരോധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്; ഇന്ത്യ ആശങ്കയില്‍

ന്യൂഡല്‍ഹി: റഷ്യയ്‌ക്കെതിരെ ഉപരോധ നടപടികളുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. സ്വതന്ത്രരാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രെയ്ന്‍ മേഖലകളുമായുള്ള വാണിജ്യ, സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കുന്നതാണു നടപടികള്‍. വിമതരെ സഹായിക്കുന്ന ബാങ്കിങ് സ്ഥാപനങ്ങളും വിലക്ക് നേരിടും. വാണിജ്യബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതിനൊപ്പം യാത്രാവിലക്കും ഏര്‍പ്പെടുത്തുന്നതായി കാനഡ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളും അറിയിച്ചു.

അതേസമയം, മേഖലയില്‍ സംഘര്‍ഷം വളര്‍ത്തുന്നത് യുഎസ് ആണെന്ന് ചൈന ആരോപിച്ചു. റഷ്യക്കെതിരെയായ ഉപരോധ നീക്കങ്ങളെയും ചൈന അപലപിച്ചു. അതേസമയം യുഎസും മറ്റും റഷ്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നതു വിശദമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എണ്ണ വിപണിയിലെ ചലനങ്ങള്‍ തിരിച്ചടിയാകാമെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

റഷ്യ-യുക്രെയ്ന്‍ പ്രശ്‌നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യയുമായുള്ള നല്ല ബന്ധം, പ്രതിരോധം ഉള്‍പ്പെടെ വിവിധ മേഖലകളിലെ ഇടപാടുകള്‍, ചൈന റഷ്യ ബന്ധം തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ ചേരിചേരായ്മയാണ് ഉചിതമെന്ന വിലയിരുത്തലാണുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

റഷ്യയില്‍നിന്ന് ഇന്ത്യ എസ്400 മിസൈല്‍ സംവിധാനം വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം വേണമോയെന്നതില്‍ യുഎസ് ഇനിയും തീരുമാനമെടുത്തിട്ടില്ല. പ്രതിരോധ മേഖല മാറ്റിനിര്‍ത്തിയാല്‍, എണ്ണ, പ്രകൃതിവാതകം, തേയില, ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗങ്ങളെ ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ ബാധിക്കുമെന്നാണ് ഇന്ത്യ പരിശോധിക്കുന്നത്. ഒരു വാതകപ്പാടത്ത് മുതല്‍മുടക്കുന്നതു സംബന്ധിച്ച് റഷ്യയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക(എല്‍എന്‍ജി) ഉല്‍പാദകരായ നൊവാലിക്കുമായി ഒഎന്‍ജിസി വിദേശും പെട്രോനെറ്റ് എല്‍എന്‍ജിയും ചര്‍ച്ചയിലാണ്.

റഷ്യയിലെ ചില എണ്ണ, വാതക പദ്ധതികളില്‍ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മുതല്‍മുടക്കുണ്ട്. റഷ്യന്‍ കമ്പനിയായ ഗ്യാസ്‌പ്രോമില്‍നിന്ന് പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങുന്നതിന് 2018ല്‍ ഗെയില്‍ 20 വര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ് കയറ്റുമതിയില്‍ ഇന്ത്യയുടെ നാലാമത്തെ വലിയ വിപണിയാണ് റഷ്യ. ഈ മേഖലയില്‍ ഇന്ത്യയുടെ ചില സ്വകാര്യ കമ്പനികള്‍ റഷ്യയില്‍ മുതല്‍മുടക്കിയിട്ടുണ്ട്.

എന്നാല്‍, സാധാരണഗതിയില്‍ ഉപരോധം ഫാര്‍മ മേഖലയെ ബാധിക്കാനുള്ള സാധ്യത കുറവാണ്. റഷ്യയും ഇറാനുമാണ് ഇന്ത്യയില്‍നിന്നുള്ള തേയില ഇറക്കുമതിയില്‍ മുന്നിലുള്ളത്. സമുദ്രോല്‍പന്നങ്ങളും പഴങ്ങളും കോഫിയും അരിയും റഷ്യ, ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. കാര്‍ഷികോല്‍പന്ന ഗണത്തില്‍, പയറു വര്‍ഗങ്ങളും സസ്യ എണ്ണയുമാണ് റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി. യുഎസിന്റെ ഉപരോധ പട്ടികയിലുള്ള രണ്ടെണ്ണമുള്‍പ്പെടെ 5 റഷ്യന്‍ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ ഓഫിസോ ശാഖയോ ഉണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാനറാ ബാങ്കും ചേര്‍ന്നുള്ള സംരംഭമായ കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഇന്ത്യ, റഷ്യയില്‍ ബാങ്കിങ് മേഖലയിലുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved