ഫ്രാങ്ക്ളിന്‍ ടെംപിള്‍ടന്‍ മ്യൂച്വല്‍ ഫണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട്

October 06, 2020 |
|
News

                  ഫ്രാങ്ക്ളിന്‍ ടെംപിള്‍ടന്‍ മ്യൂച്വല്‍ ഫണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട്

ആറ് ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ളിന്‍ ടെംപിള്‍ടന്‍ മ്യൂച്വല്‍ ഫണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട്. ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചതായി ഔദ്യഗികമായി അറിയിക്കുന്നതിനുമുമ്പ് കമ്പനിയിലെ ഉന്നതസ്ഥാനം വഹിക്കുന്നവര്‍ അവരുടെ സ്വകാര്യ നിക്ഷേപം പിന്‍വലിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് ഓഡിറ്റിനായി സെബി നിയോഗിച്ച ചോക്സി ആന്‍ഡ് ചോക്സി കമ്പനിയുടേതാണ് കണ്ടെത്തല്‍.

ഇന്‍സൈഡര്‍ ട്രേഡിങ്-ആയി പരിഗണിച്ച് സെബി അസറ്റ് മാനേജുമെന്റ് കമ്പനിക്കെതിരെ നടപടിയെടുത്തേക്കാം. ഒരു കമ്പനിയുടെ ഉള്ളിലുള്ള കാര്യങ്ങള്‍ പുറംലോകത്തറിയുംമുമ്പ് മനസിലാക്കി നേരത്തെ ഇടപാട് നടത്തുന്നതാണ് ഇന്‍സൈഡര്‍ ട്രേഡിങ്. നിക്ഷേപകരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി സെബി ഇതിനെതിരെ ശക്തമായി നടപടി സ്വീകരിക്കാറുണ്ട്.

റിസ്‌ക് മാനേജുമെന്റ് കമ്മറ്റി ചീഫ് ഇന്‍വെസ്റ്റുമെന്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും പുട്ട് ഓപ്ഷന്‍ ഉപയോഗിക്കാതെ നിക്ഷേപം നടത്തിയ ചിലകമ്പനികള്‍ക്ക് ആനുകൂല നിലപാട് സ്വീകരിച്ചതായും ചോക്സി ആന്‍ഡ് ചോക്സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്ഷന്‍ കാലഹരണപ്പെടുന്നതിനുമുമ്പായി മുന്‍കൂട്ടി നിശ്ചയിച്ച(സ്ട്രൈക്ക് വില)വിലയ്ക്ക് നിക്ഷേപ ആസ്തി വില്‍ക്കാന്‍ ഉടമയ്ക്ക് അനുമതി നല്‍കുന്ന കരാറാണ് പുട്ട് ഓപ്ഷന്‍. പുട്ട് ഓപ്ഷന്‍ വിനിയോഗിക്കുന്നതില്‍നിന്ന് ഫണ്ട് മാനേജര്‍മാര്‍ വിട്ടുനിന്നു.

ചില കമ്പനികളില്‍ ഈ സാധ്യത ഉപയോഗിക്കുകയുംചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എ കാറ്റഗറിയില്‍നിന്ന് ഡി കാറ്റഗറിയിലേയ്ക്ക് ഒരുവര്‍ഷത്തിനിടെ ആസ്തി തരംതാഴ്ത്തല്‍ നടന്നിട്ടും അവര്‍ അതിന് തയ്യാറായില്ല. പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളിലെ മാനേജര്‍മാര്‍ ലിക്വിഡിറ്റിയില്ലാത്ത കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തി. ക്രഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ നിക്ഷേപത്തിന്റെ ഗ്രേഡിങ് താഴ്ത്തുമ്പോള്‍ പുട്ട് ഓപ്ഷന്‍ സ്വീകരിക്കാന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് അനുമതിയുണ്ട്. പുട്ട് ഓപ്ഷന്‍ സൗകര്യം ഇവിടെ പ്രയോജനപ്പെടുത്തുകയും ചെയ്തില്ല.

ഉയര്‍ന്ന ആദായം നല്‍കിയിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതായി 2020 ഏപ്രില്‍ 23നാണ് ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ നിക്ഷേപകരെ അറിയിക്കുന്നത്. ഡെറ്റ് വിപണിയില്‍ പണലഭ്യതകുറഞ്ഞതും നിക്ഷേപകര്‍ വന്‍തോതില്‍ പണംപിന്‍വലിച്ചതുമാണ് കാരണമായി കമ്പനി പറഞ്ഞത്. ആറു ഫണ്ടുകളിലായി 3.15 ലക്ഷം നിക്ഷേപകര്‍ 25,000 കോടിയോളം രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Related Articles

© 2025 Financial Views. All Rights Reserved