
മുംബൈ: ആഗോള ആശങ്കകള്‍ കണക്കിലെടുത്ത് 2022-23, 2023-24 വര്‍ഷങ്ങളിലെ ഇന്ത്യയുടെ വളര്‍ച്ചാ കണക്കുകള്‍ 30 ബേസിസ് പോയിന്റ് കുറച്ച് അമേരിക്കന്‍ ബ്രോക്കറേജ് മോര്‍ഗന്‍ സ്റ്റാന്‍ലി. പണപ്പെരുപ്പം ഇനിയും മോശം സ്ഥിതിയിലേക്ക് എത്തുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കി. 2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച മുമ്പ് പ്രവചിച്ച 7.9 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമായി കുറയുമെന്ന് ബ്രോക്കറേജ് അറിയിച്ചു. മാത്രമല്ല 2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചാനിരക്കായ 7 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആര്‍ബിഐ ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ വളര്‍ച്ചയെക്കാള്‍ വിലക്കയറ്റം തടയുന്നതിന് മുന്‍ഗണന നല്‍കിയതിന്റെ ഫലമായി ജിഡിപി വളര്‍ച്ചയില്‍ ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പല വിദഗ്ധരും ആശങ്കയിലാണ്. ആഗോള വളര്‍ച്ചയിലെ മാന്ദ്യം, ഉയര്‍ന്ന ചരക്ക് വില, ആഗോള മൂലധന വിപണിയിലെ അപകടസാധ്യത ഒഴിവാക്കല്‍ എന്നിവ ഇന്ത്യയെ അപകടസാധ്യതകളിലേക്ക് എത്തിക്കുന്നു. ഉയര്‍ന്ന പണപ്പെരുപ്പം, ദുര്‍ബലമായ ഉപഭോക്തൃ ഡിമാന്‍ഡ്, മോശമായ സാമ്പത്തിക സാഹചര്യങ്ങള്‍, ബിസിനസ്സിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍ എന്നിവയെല്ലാം ഈ ആഘാതത്തിന്റെ പരിണിതഫലമായി കാണാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മാക്രോ സ്റ്റെബിലിറ്റി സൂചകങ്ങള്‍ വഷളാകുമെന്ന് പ്രസ്താവിച്ച മോര്‍ഗന്‍ സ്റ്റാന്‍ലി, പണപ്പെരുപ്പവും, കറന്റ് അക്കൗണ്ട് കമ്മിയും വഷളാകുമെന്ന് പ്രതീക്ഷിക്കുന്നു. ചരക്ക് വില സമ്മര്‍ദങ്ങളുടെ പശ്ചാത്തലത്തില്‍ കറന്റ് അക്കൗണ്ട് കമ്മി പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 3.3 ശതമാനത്തിലെത്തുമെന്ന് ബ്രോക്കറേജ് അറിയിച്ചു. ജൂണ്‍, ഓഗസ്റ്റ് അവലോകനങ്ങളില്‍ ആര്‍ബിഐ നിരക്കുകള്‍ 0.50 ശതമാനം വീതം വര്‍ധിപ്പിക്കുകയും, 2022 ഡിസംബറോടെ റിപ്പോ 6 ശതമാനമാക്കുകയും ചെയ്യുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു.