
ഇനി മുതല്‍ പാലിന് അധിക വില നല്‍കേണ്ടി വരും. അമൂലിന് പുറമേ ഇപ്പോള്‍ രാജ്യത്തെ മറ്റൊരു മുന്‍നിര പാല്‍ വിതരണക്കാരായ മദര്‍ ഡയറിയും പാല്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ലിറ്ററിന് 2 രൂപാ നിരക്കിലാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ വില ജൂലൈ 11 ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. എല്ലാ വിഭാഗത്തിലുള്ള പാലുകല്‍ക്കും ഈ വര്‍ധനവ് ബാധകമാണ്.
ഉയര്‍ന്ന പ്രവര്‍ത്തനച്ചിലവ് കാരണമാണ് വില വര്‍ധിപ്പിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. പാല്‍ കര്‍ഷകരില്‍ നിന്നും പാല്‍ ശേഖരിക്കുന്നതിനുള്ള ചിലവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8 മുതല്‍ 10 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. മറ്റ് പ്രവര്‍ത്തികള്‍ക്കുള്ള ചിലവുകളും ഉയര്‍ന്നു. അതിനാലാണ് ഇപ്പോഴത്തെ വില വര്‍ധനവെന്ന് മദര്‍ ഡയറി വ്യക്തമാക്കി.
ടോക്കണ്‍ മില്‍ക്ക്, ഫുള്‍ ക്രീം മില്‍ക്ക്, ഫുള്‍ ക്രീം പ്രീമിയം മില്‍ക്ക്, ടോണ്‍ഡ് മില്‍ക്ക്, കൗ മില്‍ക്ക് എന്നീ എല്ലാ തരത്തിലുമുള്ള പാലുകളുടെയും വില ലിറ്ററിന് 2 രൂപ വീതം ഉയര്‍ന്ന തുകയായിരിക്കും ജൂലൈ 11 മുതല്‍ ഈടാക്കുക. ഒന്നര വര്‍ഷം മുമ്പ് 2019 ഡിസംബര്‍ മാസത്തിലാണ് ഇതിന് മുമ്പ് കമ്പനി പാല്‍ വില പുതുക്കി നിശ്ചയിച്ചിരുന്നത്. പുതിയ വില നിരക്ക് പ്രകാരം 42 രൂപയുണ്ടായിരുന്ന ടോക്കണ്‍ മില്‍ക്കിന് ലിറ്ററിന് 44 രൂപയായാണ് മാറുക. ഫുള്‍ ക്രീം മില്‍ക്കിന്റെ വില 57 രൂപയാകും. ജൂലൈ 1 മുതലാണ് അമുല്‍ പാല്‍ വില പുതുക്കി നിശ്ചയിച്ചത്. ലിറ്ററിന് 2 രൂപയായിരുന്നു അമുല്‍ വര്‍ധിപ്പിച്ചത്.