ഇന്ത്യന്‍ വിപണിയില്‍ ഇനി 'ചൈനീസ് ഉള്ളി'കള്‍: വില കുത്തനെ ഇടിഞ്ഞേക്കും

December 24, 2019 |
|
News

                  ഇന്ത്യന്‍ വിപണിയില്‍ ഇനി 'ചൈനീസ് ഉള്ളി'കള്‍: വില കുത്തനെ ഇടിഞ്ഞേക്കും

ദില്ലി:ഉള്ളി വില വന്‍തോതില്‍ വര്‍ധിച്ചതിന് പിന്നാലെ കുത്തനെ ഇടിയുന്ന സാഹചര്യമായിരിക്കും ഇനി വരാനിരിക്കുന്നതെന്ന് സൂചനകള്‍. പുതുവര്‍ഷം പ്രമാണിച്ച് ചൈനയില്‍ നിന്ന് നാലായിരം മെട്രിക് ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് കരാര്‍ തയ്യാറായിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപ മുതല്‍ 100 രൂപവരെ വര്‍ധിച്ച സാഹചര്യത്തിലാണ് ഇറക്കുമതി നടത്തുന്നത്.അടുത്തവര്‍ഷം ജനുവരി 31നകം ചൈനീസ് ഉള്ളികള്‍ ഇന്ത്യന്‍വിപണികളിലെത്തുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്. ഇറക്കുമതി നടന്നാല്‍ ഉള്ളിവില വന്‍തോതില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ രാജ്യത്ത് ഉള്ളി വിളവെടുപ്പും അടുത്തുവരികയാണ്. നിലവിലെ ഉള്ളി പ്രതിസന്ധി പൂര്‍ണമായും തീരുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍.

ചൈനയില്‍ നിന്നുള്ള ഉള്ളിക്ക് ടണ്ണിന് 714 ഡോളറാണ് വില. നേരത്തെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ടണ്ണിന് 600 ഡോളര്‍ നിരക്കില്‍ ഉള്ളി ഇറക്കുമതി ചെയ്യാനായിരുന്നു ധാരണയായിരുന്നത്. പൊതുമേഖലാ ട്രേഡിങ് ഏജന്‍സിയായ മെറ്റല്‍സ് ആന്റ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ പതിനൊന്നായിരം മെട്രിക് ടണ്‍ ഉള്ളി ഇറക്കുമതിക്ക് ആഗോള ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. 7000 മെട്രിക് ടണ്‍ ഉള്ളി ഇറക്കുമതി കരാര്‍ തുര്‍ക്കിക്കാ് ലഭിച്ചത്.4000 മെട്രിക് ടണ്ണിന്റെ ഇറക്കുമതി കരാറാണ് ചൈന സ്വന്തമാക്കിയത്. ലോഹങ്ങളുടെയും ധാതുക്കളുടെയും ഇറക്കുമതിയും കയറ്റുമതിയും കൈകാര്യം ചെയ്യുന്ന എംഎംടിസിക്ക് നവംബറിലാണ് ഉള്ളി ഇറക്കുമതിയിലും ഇടപെടാനുള്ള ചുമതല കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. 1.2ലക്ഷം മെട്രിക് ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇതുവരെ നാല്‍പതിനായിരം മെട്രിക് ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനുള്ള കരാറുകള്‍ യാഥാര്‍ത്ഥ്യമാക്കാനേ എംഎംടിസിക്ക് സാധിച്ചിട്ടുള്ളൂ. ഇതില്‍ 290 മെട്രിക് ടണ്‍ ഉള്ളിമാത്രമാണ് ഇതിനകം രാജ്യത്ത് എത്തിയിരിക്കുന്നത്. അതേസമയം വിളനാശത്തിന്റെ പശ്ചാത്തലത്തില്‍ നെതര്‍ലാന്റ്,ഈജിപ്ത്,ഇറാന്‍,റഷ്യ,തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യാനും കേന്ദ്രം തീരുമാനിച്ചിരുന്നു.മാസങ്ങളായി ഉള്ളിവില കാരണം സാധാരണക്കാര്‍ ദുരിതത്തിലായിരുന്നു. ഖാരിഫ് വിളകളില്‍ ഉണ്ടായ നാശനഷ്ടമാണ് പ്രതിസന്ധിയ്ക്ക് കാരണമായത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved