നാടന്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് പ്രതിമാസം 900 രൂപ: പ്രഖ്യാപനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

April 26, 2022 |
|
News

                  നാടന്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് പ്രതിമാസം 900 രൂപ: പ്രഖ്യാപനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

നാടന്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് പ്രതിമാസം 900 രൂപ നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. കൃഷിയെക്കുറിച്ചുള്ള നിതി ആയോഗ് ശില്‍പശാലയെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മധ്യപ്രദേശ് നാച്ചുറല്‍ അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ബോര്‍ഡിന്റെ രൂപീകരണവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

'പ്രകൃതി കൃഷിക്ക് ദേശി (നാടന്‍) പശുക്കള്‍ അത്യന്താപേക്ഷിതമാണ്. കര്‍ഷകര്‍ ഒരു ദേശി പശുവിനെയെങ്കിലും വളര്‍ത്തണം. അത്തരം കര്‍ഷകര്‍ക്ക് പ്രതിമാസം 900 രൂപ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ഒരു കര്‍ഷകന് ഒരു ദേശി പശുവിനായി ഒരു വര്‍ഷം മൊത്തം 10,800 രൂപ ലഭിക്കും' ശില്‍പശാലയില്‍ പങ്കെടുത്ത് ചൗഹാന്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ 52 ജില്ലകളിലെ 100 വില്ലേജുകളില്‍ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എംപി സര്‍ക്കാര്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ ഖാരിഫ് വിള സീസണോടെ സംസ്ഥാനത്തെ 5,200 ഗ്രാമങ്ങളില്‍ പ്രകൃതിദത്ത കൃഷി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അത്തരത്തിലുള്ള കര്‍ഷകരെയാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 1.65 ലക്ഷം കര്‍ഷകര്‍ പ്രകൃതി കൃഷിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ശില്‍പശാലകളും സംഘടിപ്പിക്കും. സംസ്ഥാനം പ്രകൃതിദത്ത കൃഷിക്ക് അന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ ബ്ലോക്കിലും അഞ്ച് മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയമിക്കുമെന്നും അവര്‍ക്ക് ഓണറേറിയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നര്‍മ്മദാ നദിയുടെ ഇരുകരകളിലെയും കാര്‍ഷിക മേഖലകളില്‍ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ചൗഹാന്‍ പറഞ്ഞു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരും ശില്‍പശാലയില്‍ സംസാരിച്ചു.

Related Articles

© 2025 Financial Views. All Rights Reserved