
സവാളയ്ക്ക് തീവിലയായതോടെ ശ്രദ്ധിച്ചുകൈകാര്യം ചെയ്യേണ്ട വസ്തുക്കളില്‍ ഈ പച്ചക്കറി സ്ഥാനം പിടിച്ചിരിക്കുന്നു. കാരണം മഹാരാഷ്ട്രയില്‍ നിന്ന് യുപിയിലേക്ക് കയറ്റി അയച്ച നാല്‍പത് ടണ്‍ സവാള കൊള്ളയടിക്കപ്പെട്ടു. നാസികില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് കയറ്റിയയച്ച സവാളയ്ക്ക് നിലവിലെ വില അനുസരിച്ച് 22 ലക്ഷം രൂപ വിലയാണ് മൂല്യം. നവംബര്‍ 11ന് നാസികില്‍ നിന്ന് പുറപ്പെട്ട സവാള ട്രക്ക് നവംബര്‍ 22നാണ് യുപിയിലെത്തേണ്ടിയിരുന്നത്. എന്നാല്‍ ചരക്ക് വാഹനം സമയത്തിന് എത്താതിരുന്നതില്‍ സംശയം തോന്നിയ മൊത്തക്കച്ചവടക്കാരന്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയില്‍ തെണ്ഡു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് ഒഴിഞ്ഞ ട്രക്ക് കണ്ടെത്തുകയായിരുന്നു. ഈ വന്‍ മോഷണത്തിന് പിന്നാലെ കടകളില്‍ സവാള മോഷണക്കേസും റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ പറയുന്്‌നു. വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സവാളയ്ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍.
ഒരു കിലോ സവാളയ്ക്ക് 120 രൂപയാണ് ഇപ്പോള്‍ വിപണിയില്‍ ഈടാക്കുന്നത്. സവാള ക്ഷാമം പരിഹരിക്കാന്‍ ഈജിപ്തില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എംഎംടിസി ഇറക്കുമതി ചെയ്യുന്ന ഉള്ളി നാഫെഡ് വഴി വിപണിയിലെത്തിക്കും. ഈ വര്‍ഷത്തെ ഖാരിഫ് വിളയില്‍ 26% ഇടിഞ്ഞതാണ് വില വര്‍ധനവിന് കാരണമെന്ന് പറയുന്നു.ഉള്ളി ഉല്‍പ്പാദനത്തില്‍ മുമ്പിലുള്ള മഹാരാഷ്ട്ര,കര്‍ണാടക സംസ്ഥാനങ്ങളില്‍ അധിവൃഷ്ടിയും ഉള്ളി ഉല്‍പ്പാദനത്തെ ബാധിച്ചുവെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം ഉള്ളി കര്‍ഷകര്‍ക്ക് തുച്ഛമായ വിലയാണ് ലഭിക്കുന്നതെന്നും ഇടത്തട്ട് ചൂഷണമാണ് നടക്കുന്നതെന്നും ആരോപിച്ച് കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. ഉള്ളി വില വര്‍ധനവിന് കാരണം ഇടത്തട്ടുകാരുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഈ ആഴ്ച വിപണിയില്‍ ഉള്ളി കിലോയ്ക്ക് 100 രൂപയില്‍ കൂടുതലാണ് ഈടാക്കുന്നത്. ചെറിയഉള്ളി സവാള മറ്റ് പച്ചക്കറികളുടെ വിലയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്.