എംഎസ്എംഇ മേഖലയ്ക്കായുള്ള വായ്പാ വിതരണത്തില്‍ ഫെബ്രുവരിയെ അപേക്ഷിച്ച് 4 മടങ്ങ് വര്‍ധന

October 13, 2020 |
|
News

                  എംഎസ്എംഇ മേഖലയ്ക്കായുള്ള വായ്പാ വിതരണത്തില്‍ ഫെബ്രുവരിയെ അപേക്ഷിച്ച് 4 മടങ്ങ് വര്‍ധന

തിരുവനന്തപുരം: കേരളത്തിലെ സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പാ വിതരണം ഫെബ്രുവരിയിലേതിനെ അപേക്ഷിച്ച് നാല് മടങ്ങായെന്ന് ജൂണ്‍ മാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ബീഹാര്‍, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഇതേ തോതിലുള്ള വളര്‍ച്ച ഉണ്ടായെന്ന് സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭ മേഖലയിലെ വായ്പ സംബന്ധിച്ച ട്രാന്‍സ്യൂണിയന്‍ സിബില്‍ - സിഡ്ബി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തില്‍ 2019 ജൂണിലെ 11.4 ശതമാനത്തെ അപേക്ഷിച്ച് 2020 ജൂണില്‍ 12.8 ശതമാനമെന്ന രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വളരെ ചെറിയ വിഭാഗങ്ങള്‍ ഒഴികെ എല്ലാ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലകളിലും ഇടിവുണ്ടായി എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മെയ് മാസത്തില്‍ അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി പ്രകാരമുള്ള വായ്പകള്‍ നല്‍കാന്‍ തുടങ്ങിയത് സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭ മേഖലയില്‍ തിരിച്ചു വരവിനു വഴിയൊരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകളുടെ ഈ മേഖലയിലെ വായ്പാ വിതരണം ഫെബ്രുവരിയിലേതിന്റെ 2.6 മടങ്ങായെന്ന് ജൂണ്‍ മാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വകാര്യ ബാങ്കുകളില്‍ ജൂണ്‍ മാസമെത്തിയപ്പോള്‍ ഫെബ്രുവരിയിലെ നിലയിലേക്കും വായ്പാ വിതരണം എത്തിയിട്ടുണ്ട്.  

അര്‍ഹരായ സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള അവസരമാണ് അടിയന്തര വായ്പാ ഗാരണ്ടി പദ്ധതിയിലൂടെ ബാങ്കുകള്‍ക്കു മുന്നിലെത്തിയതെന്ന് റിപ്പോര്‍ട്ടിനെ കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. കോവിഡിനു ശേഷമുള്ള വായ്പകളുടെ സാഹചര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് വിശദമായി സൂചിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തിരിച്ചു കൊണ്ടു വരുന്നതില്‍ സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭ മേഖലയുടെ ഉയര്‍ച്ചയ്ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് സിഡ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ മനോജ് മിത്തല്‍ പറഞ്ഞു. നഷ്ട സാധ്യതകള്‍ കൂടി സന്തുലനം ചെയ്ത് അര്‍ഹരായവര്‍ക്ക് വായ്പ നല്‍കുന്നു എന്ന് ഉറപ്പാക്കുന്നതില്‍ ഈ മേഖലയിലെ സ്ഥാപനങ്ങള്‍ വലിയ പങ്കാണു വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഘടനാപരമായി ശക്തമായ സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ മഹാമാരിക്കാലത്തും മികച്ച നിലയില്‍ തുടര്‍ന്നു എന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിവിധ മേഖലകളിലെ ചെറുകിട സംരംഭങ്ങള്‍ ഘടനാപരമായി ശക്തമായ നിലയിലാണെന്ന് സിബില്‍ എംഎസ്എംഇ റാങ്ക് (സിഎംആര്‍) വ്യക്തമാക്കുന്നുണ്ട്. അതേ സമയം ലോജിസ്റ്റിക്, ഹോട്ടല്‍-വിനോദ സഞ്ചാര മേഖല, ഖനനം തുടങ്ങിയ മേഖലകള്‍ താരതമ്യേന താഴ്ന്ന നിലയിലുമാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved