
ന്യൂഡല്‍ഹി: ഇന്ത്യയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം കച്ചവടക്കാര്‍ക്ക് ആഗോള തലത്തില്‍ തന്നെ കൂടുതല്‍ വിപണി ഉറപ്പുവരുത്താന്‍ സഹായിക്കണമെന്ന് ആമസോണിനോട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഈ മേഖലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യേകമായി ഇടം ഒരുക്കണമെന്നാണ് ആവശ്യം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എംഎസ്എംഇകള്‍. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഈ മേഖലയിലാണ്. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ മികച്ചതാണ്. ഉല്‍പ്പന്നത്തിന്റെ രൂപകല്‍പ്പന, പാക്കിങ് എന്നിവയില്‍ കൂടുതല്‍ വൈദഗ്ദ്ധ്യം നല്‍കാന്‍ സഹായിക്കണമെന്നും ഗഡ്കരി പറഞ്ഞു.
ആമസോണ്‍ എക്‌സ്‌പോര്‍ട്ട് ഡൈജസ്റ്റ് 2020 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കയറ്റുമതിയില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് എംഎസ്എംഇകളുടെ പങ്കാളിത്തം 60 ശതമാനമായി ഉയര്‍ത്താനാണ് ശ്രമമെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തെ ഗ്രാമങ്ങളും, ആദിവാസി മേഖലകളും കാര്‍ഷിക മേഖലകളും ഒരു മുന്‍ഗണനാ പ്രാധാന്യത്തോടെ വികസിപ്പിക്കേണ്ടതുണ്ട്. 65 ശതമാനം ജനസംഖ്യയും ഈ മേഖലയിലാണ്. 115 ജില്ലകളില്‍ പ്രതിശീര്‍ഷ വരുമാനം വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.