
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ ഏറ്റവും വലിയ മന്നേറ്റമുണ്ടായ മേഖലയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. ആറായിരം കോടിക്ക് മുകളില്‍ നിക്ഷേപം ഈ മേഖലയില്‍ മാത്രം സംസ്ഥാനത്തുണ്ടായി. കേരളം നിക്ഷേപസൗഹൃദമായി എന്നതിന്റെ വലിയ തെളിവാണിത്. വ്യവസായ രംഗത്തെ ഈ പുരോഗതി സംസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ വലിയ പങ്കാണ് വഹിച്ചത്. 5 വര്‍ഷത്തില്‍ 6082 കോടി രൂപയുടെ നിക്ഷേപമാണ് ചെറുകിട വ്യവസായ മേഖലയില്‍ ഉണ്ടായത്. 64,879 സംരംഭങ്ങളാണ് തുടങ്ങിയത്. ഇതിലൂടെ 2,30,000 തൊഴിലും ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഫലപ്രദമായിരിക്കുകയാണ്. നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയതും ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടികള്‍ ലളിതമാക്കിയതും വലിയ സഹായമായി. ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിലൂടെ 30 ദിവസത്തിനകം അനുമതി നല്‍കി. വിവിധ വകുപ്പുകളില്‍ നിന്നുള്ള മുപ്പതോളം അനുമതിക്ക് ഏകീകൃത അപേക്ഷാ ഫോറം കെ സ്വിഫ്റ്റിന്റെ ഭാഗമായി സജ്ജമാക്കി. ലൈസന്‍സുകളും അനുമതികളും പുതുക്കാനും അവസരമൊരുക്കി.
ഒരു സാക്ഷ്യപത്രം മാത്രം നല്‍കി മുന്‍കൂര്‍ അനുമതിയില്ലാതെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായം തുടങ്ങാനായി 'കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍'- നിയമം കൊണ്ടുവന്നു. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് വ്യവസായ ക്ലസ്റ്റര്‍ വികസനം നടപ്പാക്കുകയാണ് ഇപ്പോള്‍. രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷമുള്ള സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കിയതും അഭിമാനകരമാണ്. നൂതനാശയങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിലും കേരളമാണ് ഒന്നാമത്. ചറുകിട വ്യവസായ സംരംഭങ്ങളിലൂടെ വ്യവസായ കേരളം കുതിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.