36 ശതമാനത്തിന്റെ റെക്കോര്‍ഡ് വളര്‍ച്ചയുമായി മുബദല ഇന്‍വെസ്റ്റ്മെന്റ്; ആകെ വരുമാനം 72 ബില്യണ്‍ ദിര്‍ഹമായി

May 07, 2021 |
|
News

                  36 ശതമാനത്തിന്റെ റെക്കോര്‍ഡ് വളര്‍ച്ചയുമായി മുബദല ഇന്‍വെസ്റ്റ്മെന്റ്;  ആകെ വരുമാനം 72 ബില്യണ്‍ ദിര്‍ഹമായി

അബുദാബി: അബുദാബിയുടെ തന്ത്രപ്രധാന നിക്ഷേപക സ്ഥാപനമായ മുബദല ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തില്‍ 36 ശതമാനം വളര്‍ച്ച. ഇക്വിറ്റി, ഫണ്ട് നിക്ഷേപങ്ങളിലുള്ള വര്‍ധനയും വിവിധ മേഖലകളിലായുള്ള ആസ്തികളിലുള്ള വളര്‍ച്ചയുമാണ് വരുമാനത്തില്‍ പ്രതിഫലിച്ചത്. 2019ലെ 53 ബില്യണ്‍ ദിര്‍ഹത്തെ അപേക്ഷിച്ച് കമ്പനിയുടെ ആകെയുള്ള വരുമാനം 72 ബില്യണ്‍ ദിര്‍ഹമായി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിതെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ഷിക അവലോകന റിപ്പോര്‍ട്ടല്‍ മുബദല വ്യക്തമാക്കി.

2020 തുടക്കത്തില്‍ പ്രകടമായ മാക്രോഇക്കോണമിക് സാഹചര്യങ്ങളിലെ തകര്‍ച്ചയ്ക്ക് ശേഷം മൂലധന നിക്ഷേപത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുകയും അങ്ങനെ വര്‍ഷവാസാനത്തോടെ റെക്കോഡ് വളര്‍ച്ചയും ലാഭവും കമ്പനി സ്വന്തമാക്കിയെന്നും മുബദലയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവും മാനേജിംഗ് ഡയറക്ടറുമായ ഖല്‍ദൂണ്‍ അല്‍ മുബാറക് പറഞ്ഞു. കൂടുതല്‍ ദൃഢവിശ്വാസമുള്ള മേഖലകളിലാണ് കഴിഞ്ഞ വര്‍ഷം കമ്പനി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയത്. പ്രത്യേകിച്ച് കഴിഞ്ഞ വര്‍ഷം ലോകത്തിന് ഏറ്റവും കൂടുതല്‍ ആവശ്യം വന്ന സാങ്കേതികവിദ്യ, ലൈഫ് സയന്‍സ് മേഖലകളില്‍. ആ മേഖലകളില്‍ ആഴത്തിലുള്ള നിക്ഷേപത്തിന് വലിയ അവസരങ്ങളാണ് കമ്പനിക്ക് നല്‍കിയതെന്നും മുബാറക് കൂട്ടിച്ചേര്‍ത്തു.   
കമ്പനിക്ക് കീഴിലുള്ള ആസ്തികളുടെ മൂല്യം 5 ശതമാനം ഉയര്‍ന്ന് 894 ബില്യണ്‍ ദിര്‍ഹത്തിലെത്തി. പ്രധാനമായും യുഎഇയിലും അമേരിക്കയിലുമാണ് മുബദലയ്ക്ക് ഏറ്റവുമധികം ആസ്തികളുള്ളത്. ഇന്ത്യയിലെ പുതിയ നിക്ഷേപങ്ങള്‍ക്ക് പുറമേ സോവറീന്‍ നിക്ഷേപ പങ്കാളിത്തങ്ങളിലൂടെ ഫ്രാന്‍സ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലും കഴിഞ്ഞ വര്‍ഷം മുബദല നിക്ഷേപം നടത്തി. മുബദലയുടെ നിക്ഷേപക പോര്‍ട്ട്പോളിയോയുടെ ഏകദേശം 34 ശതമാനവും നേരിട്ടോ അല്ലാതെയോ ഉള്ള സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളും 29 ശതമാനം പബ്ലിക് മാര്‍ക്കറ്റുകളിലും 14 ശതമാനം റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലുമാണ്.

കമ്പനിയുടെ പുതിയ മൂലധന നിക്ഷേപം 2019ലെ 68 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 108 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നതായും കമ്പനി വ്യക്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ജിയോ പ്ലാറ്റ്ഫോമിലെ 4.3 ബില്യണ്‍ ദിര്‍ഹം നിക്ഷേപം ഉള്‍പ്പടെയാണിത്. ആഗോള സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ സില്‍വര്‍ ലെയ്ക്കിലെ 2.7 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം, ഇന്ത്യയിലെ റിലയന്‍സ് റീറ്റെയ്ലില്‍ നടത്തിയ 3 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം, ആഗോള മരുന്ന് വിതരണ സേവന കമ്പനിയായ പിസിഐ ഫാര്‍മയിലെ 2.2 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം എന്നിവയാണ് കഴിഞ്ഞ വര്‍ഷം മുബദല നടത്തിയ ശ്രദ്ധേയമായ മറ്റ് നിക്ഷേപങ്ങള്‍. ഇവ കൂടാതെ, സിവിസി, സിറ്റാഡെല്‍, ഐസ്‌ക്വാര്‍ഡ് കാപ്പിറ്റല്‍, അപെക്സ് പാര്‍ട്ണേഴ്സ് എന്നീ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ 7.5 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപങ്ങളും കഴിഞ്ഞ വര്‍ഷം കമ്പനി നടത്തി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved