കോവിഡിന് മുമ്പുള്ള രീതിയിലേക്ക് മടങ്ങിയെത്തി മുദ്ര വായ്പ പദ്ധതി

December 27, 2021 |
|
News

                  കോവിഡിന് മുമ്പുള്ള രീതിയിലേക്ക് മടങ്ങിയെത്തി മുദ്ര വായ്പ പദ്ധതി

രാജ്യത്തെ സംരംഭകരുടെ ഉന്നമനവും, സ്വയം തൊഴില്‍ പ്രോല്‍സാഹിപ്പിക്കലും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വായ്പാ പദ്ധതിയാണ് മുദ്ര. ഈടില്ലാതെ 10 ലക്ഷം രൂപവരെ വായ്പ വാഗ്ദാനം ചെയ്ത പദ്ധതി ചുരുങ്ങിയ സമയംകൊണ്ട് വലിയ ജനശ്രദ്ധ നേടി. കോവിഡെത്തിയതോടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരുന്നു.

വായ്പാ തിരിച്ചടവ് മുടങ്ങിതതോടെ മുദ്ര പദ്ധതിക്കു കീഴില്‍ തുടങ്ങിയ പല പദ്ധതികളും നിര്‍ത്തിപ്പോയി. ഇതോടെ ബാങ്കുകളും വായ്പകള്‍ നല്‍കാന്‍ വൈമനസ്യം കാണിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലുകളെ തുടര്‍ന്നു പ്രധാന്‍മന്ത്രി മുദ്ര യോജനയ്ക്ക് (പി.എം.എം.വൈ) കീഴിലുള്ള ചെറുകിട ബിസിനസ് വായ്പാ വിതരണം കോവിഡിന് മുമ്പുള്ള നിലയെ മറികടന്നിരിക്കുകയാണ്.

ഈ സാമ്പത്തിക വര്‍ഷം മുദ്ര പദ്ധതിക്കു കീഴില്‍ ഇതുവരെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും 1.58 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കോവിഡ് കാലത്ത് വിതരണം ചെയ്ത 1.21 ലക്ഷം കോടി രൂപയേക്കാള്‍ വളരെ കൂടുതലാണ്. കോവിഡിന് മുമ്പുള്ള കാലത്തെ വായ്പാ വിതരണത്തെ മറികടന്നുവെന്നതാണ് മറ്റൊരു സവിശേഷത.

2019 ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ മുദ്ര പദ്ധതിക്കു കീഴില്‍ 1.51 ലക്ഷം കോടി രൂപയായിരുന്നു അനുവദിച്ചത്. കോവിഡിനു ശേഷമുള്ള വിപണികളുടെ തിരിച്ചുവരവാണ് വായ്പകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ വായ്പാ വിതരണത്തോത് വര്‍ധിച്ചതായി മേഖലയുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മൂന്നുതരം വായ്പകളാണ് മുദ്ര പദ്ധതിക്കു കീഴില്‍ അനുവദിക്കുന്നത്. സംരംഭത്തിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ പരിഗണിച്ചാണിത്. ശിശു (50,000 വരെ), കിഷോര്‍ (50,000 മുതല്‍ അഞ്ചു ലക്ഷം വരെ), തരുണ്‍ (അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ) എന്നിങ്ങനെയാണിത്. മൊത്തം വിതരണത്തിന്റെ സിംഹഭാഗവും ശിശുവായ്പകളാണ്, ഏകദേശം 48 ശതമാനം.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ശിശു വായ്പകള്‍ക്കുള്ള ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ധിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കോവിഡ് -19 ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച രണ്ടു ശതമാനം പലിശ ഇളവുകള്‍ ഉള്‍പ്പെടെയാണ് ഈ വിഭാഗത്തില്‍ നിലവില്‍ വായ്പകള്‍ അനുവദിക്കുന്നത്. മുദ്ര പദ്ധതിക്കു കീഴില്‍ രണ്ടു ശതമാനം പലിശ ഇളവിനായി അപേക്ഷിക്കേണ്ട അവസാനി തീയതി ഡിസംബര്‍ 31 ആണ്.

നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്താല്‍ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിനല്‍ക്കേ, മുദ്ര വായ്പകള്‍ പുതു ഉയരം കുറിക്കുമെന്നാണു മേഖലയുടെ വിലയിരുത്തല്‍. മൂന്ന്- നാലു മാസങ്ങളായി വായ്പാ വിതരണതോത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2019, 2020, 2021 സാമ്പത്തിക വര്‍ഷങ്ങളില്‍ മൊത്തം മുദ്ര വായ്പകളുടെ പകുതിയിലേറെയും വിതരണം ചെയ്തത് അവസാന മാസങ്ങളിലായിരുന്നു. കോവിഡും ലോക്കഡൗണും മൂലം 2021 സാമ്പത്തിക വര്‍ഷത്തില്‍ 3.21 ലക്ഷം കോടി രൂപയാണ് മുദ്ര പദ്ധതിക്കു കീഴില്‍ വായ്പയായി അനുവദിച്ചത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3.37 ലക്ഷം കോടിയായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved