ഒരു രൂപ പോലും ശമ്പളം കൈപ്പറ്റാതെ മുകേഷ് അംബാനി; വേണ്ടെന്നുവച്ചത് 15 കോടി രൂപ

June 04, 2021 |
|
News

                  ഒരു രൂപ പോലും ശമ്പളം കൈപ്പറ്റാതെ മുകേഷ് അംബാനി; വേണ്ടെന്നുവച്ചത് 15 കോടി രൂപ

മുംബൈ: ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ അമരക്കാരനാകട്ടെ, രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ റിലയന്‍സ് പുറത്തുവിടുമ്പോള്‍ കൗതുകമുണര്‍ത്തുന്ന ഒരു കാര്യം നിക്ഷേപകരുടെ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. പോയവര്‍ഷം ഒരു രൂപ പോലും മുകേഷ് അംബാനി പ്രതിഫലം വാങ്ങിയിട്ടില്ല. കോവിഡ് വ്യാപനം ബിസിനസുകളെയും സമ്പദ്ഘടനയെയും താറുമാറാക്കിയ സാഹചര്യം മുന്‍നിര്‍ത്തി മുകേഷ് അംബാനി സ്വമേധയാ പ്രതിഫലം വേണ്ടെന്നുവെച്ചു.

2020-21 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിലയന്‍സ് ഇക്കാര്യം പറയുന്നു. അംബാനിക്ക് നല്‍കിയ പ്രതിഫലത്തിന്റെ കോളത്തില്‍ 'പൂജ്യം' എന്നാണ് കമ്പനി കുറിച്ചത്. 2019-20 സാമ്പത്തിക വര്‍ഷം എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ 15 കോടി രൂപയായിരുന്നു റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വാര്‍ഷിക പ്രതിഫലം. 2008-09 കാലഘട്ടം മുതല്‍ ഇതേ പ്രതിഫലമാണ് അംബാനി റിലയന്‍സില്‍ നിന്നും കൈപ്പറ്റുന്നത്.

മേധാവി പദത്തിന് 24 കോടി രൂപയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ റിലയന്‍സ് പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ എല്ലാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം 15 കോടി രൂപ മതിയെന്ന പക്ഷമാണ് മുകേഷ് അംബാനിക്ക്. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ പദവിയും മാനേജിങ് ഡയറക്ടര്‍ പദവിയും ഇദ്ദേഹം വഹിക്കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുകേഷ് അംബാനിയുടെ സഹോദരങ്ങളായ നിഖില്‍ മേസ്വാനിയുടെയും ഹിത്തല്‍ മേസ്വാനിയുടെയും പ്രതിഫലത്തില്‍ മാറ്റമുണ്ടായില്ല. ഇരുവര്‍ക്കും കമ്പനി 24 കോടി രൂപ വീതം വാര്‍ഷിക പ്രതിഫലം നല്‍കി. എന്നാല്‍ ഇതില്‍ 17.28 കോടി രൂപ കമ്മീഷന്‍ ഇനത്തിലാണ് റിലയന്‍സ് വകയിരുത്തിയത്.

കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പിഎംഎസ് പ്രസാദിനും പവന്‍ കുമാര്‍ കപിലിനും പ്രതിഫലം കൂടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷം കമ്പനിക്കായി ഇരുവരും കാഴ്ച്ചവെച്ച മികച്ച പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് ശമ്പളവര്‍ധനവ്. ഇതോടെ പ്രസാദിന്റെ വാര്‍ഷിക പ്രതിഫലം 11.15 കോടി രൂപയില്‍ നിന്നും 11.99 കോടി രൂപയായി. കപലിന്റെ വാര്‍ഷിക പ്രതിഫലമാകട്ടെ, 4.04 കോടിയില്‍ നിന്നും 4.24 കോടി രൂപയായി വര്‍ധിച്ചു.

മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി റിലയന്‍സ് ബോര്‍ഡിലെ നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടറാണ്. ഇവര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8 ലക്ഷം രൂപ സിറ്റിങ് ഫീയായും 1.65 കോടി രൂപ കമ്മീഷനായും കൈപ്പറ്റി. മുകേഷ് അംബാനിയെ കൂടാതെ മേസ്വാനി സഹോദരങ്ങളും പ്രസാദ്, കപില്‍ എന്നിവരുമാണ് റിലയന്‍സിന്റെ ഫുള്‍ടൈം ഡയറക്ടര്‍മാര്‍.

നിതാ അംബാനിയെ കൂടാതെ യോഗേന്ദ്ര പി ത്രിവേദി, ദിപക് സി ജെയിന്‍, രഘുനാഥ് എ മാഷേല്‍ക്കര്‍, ആദില്‍ സെയ്നുല്‍ഭായി, റാമീന്ദര്‍ സിങ് ഗുജ്റാള്‍, ഷുമീത് ബാനര്‍ജി, മുന്‍ എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ദന്ധി ഭട്ടാചാര്യ, മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മേധാവി കെവി ചൗധരി എന്നിവരും റിലയന്‍സിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായുണ്ട്. ഇവര്‍ക്കെല്ലാം 1.65 കോടി രൂപ കമ്മീഷന്‍ ഇനത്തിലും 36 ലക്ഷം രൂപ വരെ സിറ്റിങ് ഫീയായും കമ്പനി പ്രതിഫലം നല്‍കി.

Related Articles

© 2025 Financial Views. All Rights Reserved