അര്‍ബന്‍ ലാഡറിലെ 96 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് റിലയന്‍സ് റീട്ടെയില്‍

November 16, 2020 |
|
News

                  അര്‍ബന്‍ ലാഡറിലെ 96 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് റിലയന്‍സ് റീട്ടെയില്‍

കോടീശ്വരന്‍നായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗം 182 കോടി രൂപയ്ക്ക് ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ റീട്ടെയിലറായ അര്‍ബന്‍ ലാഡറിലെ 96 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍ബന്‍ ലാഡറിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലില്‍ 96 ശതമാനം ഓഹരികളിലാണ് റിലയന്‍സ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതു കൂടാതെ അര്‍ബന്‍ ലാഡറില്‍ 75 കോടി രൂപ വരെയുള്ള നിക്ഷേപം നടത്താന്‍ ആര്‍ആര്‍വിഎല്‍ ലക്ഷ്യമിടുന്നുണ്ട്. അതിവേഗം വളരുന്ന ഇ-കൊമേഴ്സ് വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് വമ്പന്മാരുമായി മത്സരിക്കുന്നതിനുമുള്ള അംബാനിയുടെ ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ ഏറ്റെടുക്കല്‍.

ആര്‍ഐഎല്‍ പ്രസ്താവന അനുസരിച്ച്, നിക്ഷേപത്തിന് സര്‍ക്കാര്‍ അല്ലെങ്കില്‍ റെഗുലേറ്ററി അംഗീകാരങ്ങള്‍ ആവശ്യമില്ല. ഓഗസ്റ്റില്‍ ഡിജിറ്റല്‍ ഫാര്‍മ വിപണന കേന്ദ്രമായ നെറ്റ്‌മെഡിന്റെ ഭൂരിപക്ഷ ഓഹരികള്‍ 620 കോടി രൂപയ്ക്ക് ആര്‍ഐഎല്‍ വാങ്ങിയിരുന്നു. ഈ മാസം ആദ്യം സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്ന് 9,555 കോടി രൂപയുടെ നിക്ഷേപം റിലയന്‍സ് റീട്ടെയിലില്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മൊത്തം 47,265 കോടി രൂപയുടെ ധന സമാഹരണം റിലയന്‍സ് നടത്തിയിരുന്നു.

ആര്‍ആര്‍വിഎല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയതും അതിവേഗം വളരുന്നതുമായ റീട്ടെയില്‍ ബിസിനസാണ്. കൊവിഡ് -19 മഹാമാരി മൂലം ലക്ഷക്കണക്കിന് മധ്യവര്‍ഗ ഉപഭോക്താക്കള്‍ ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓണ്‍ലൈനായി വാങ്ങുന്ന ഇന്ത്യയില്‍ വിപണി വിഹിതം നേടുന്നതിനുള്ള പോരാട്ടത്തിലാണ് ആമസോണ്‍, റിലയന്‍സ്, വാള്‍മാര്‍ട്ട് ഇങ്കിന്റെ ഫ്‌ലിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ ഭീമന്മാര്‍.

രാജ്യത്ത് കുതിച്ചുയരുന്ന ഇ-കൊമേഴ്സ് വിപണിയുടെ മൂല്യം 2024 ഓടെ 86 ബില്യണ്‍ യുഎസ് ഡോളറായിരിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ഫോറസ്റ്റര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ചൈനയിലെ ഓണ്‍ലൈന്‍ സ്റ്റോര്‍ അടച്ചതിനുശേഷം ഇന്ത്യ ഒരു വലിയ വളര്‍ച്ചാ വിപണിയാണെന്ന് വിശ്വസിക്കുന്ന ആമസോണിന് നേട്ടം വളരെ കൂടുതലായിരിക്കും.

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ശാക്തീകരിച്ച് പുതിയ വാണിജ്യ തന്ത്രത്തിലൂടെ ഇന്ത്യന്‍ റീട്ടെയില്‍ മേഖലയെ സ്വാധീനിക്കുക എന്നതാണ് റിലയന്‍സ് റീട്ടെയിലിന്റെ ലക്ഷ്യം. സില്‍വര്‍ ലേക്ക്, കെകെആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, മുബടാല, ജിഐസി, ടിപിജി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ) എന്നിവയുള്‍പ്പെടെ പ്രമുഖ ആഗോള നിക്ഷേപകരില്‍ നിന്ന് ആര്‍ആര്‍വിഎല്‍ മുമ്പ് 37,710 കോടി രൂപ സമാഹരിച്ചിരുന്നു.

2012 ജൂലൈയില്‍ ആശിഷ് ഗോയല്‍ (സിഇഒ), രാജീവ് ശ്രീവത്സ (സിഒഒ) എന്നിവര്‍ ചേര്‍ന്നാണ് അര്‍ബന്‍ ലാഡര്‍ സ്ഥാപിച്ചത്. 2014 ല്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അര്‍ബന്‍ ലാഡറില്‍ നിക്ഷേപം നടത്തിയിരുന്നുവെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല. മുമ്പ്, വെന്‍ചര്‍ ക്യാപിറ്റല്‍ ഫണ്ടുകളായ സെക്വോയ ക്യാപിറ്റല്‍, എസ് ഐ എഫ് പാര്‍ട്‌ണേഴ്‌സ്, കലാരി ക്യാപിറ്റല്‍, ഹെഡ്ജ് ഫണ്ട് സ്റ്റീഡ്വ്യൂ ക്യാപിറ്റല്‍ എന്നിവയില്‍ നിന്നും കമ്പനി ഫണ്ട് സ്വരൂപിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved