സാമൂഹിക സേവനത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെലവഴിച്ചത് 1185 കോടി രൂപ

May 30, 2022 |
|
News

                  സാമൂഹിക സേവനത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെലവഴിച്ചത് 1185  കോടി രൂപ

ബിസിനസ് വളര്‍ച്ചയോടൊപ്പം സാമൂഹിക സേവന രംഗത്തും മുന്നേറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങള്‍ക്കായി 1,184.93 കോടി രൂപയാണ് മുകേഷ് അംബാനിക്ക് കീഴിലുള്ള ഗ്രൂപ്പ് ചെലവഴിച്ചത്. ''2021-22 സാമ്പത്തിക വര്‍ഷത്തില്‍, ആവശ്യാധിഷ്ഠിതവും ഫലപ്രദവുമായ നിരവധി സിഎസ്ആര്‍ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി റിലയന്‍സ് 1,184.93 കോടി രൂപ സംഭാവന ചെയ്തു'' കമ്പനി അതിന്റെ സിഎസ്ആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

നിത എം. അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ ജീവകാരുണ്യ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷനാണ് ഈ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ രാജ്യത്ത് ഉയര്‍ന്നുവന്ന അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രവര്‍ത്തിച്ചതായി റിലയന്‍സ് പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ പരിവര്‍ത്തനം, ആരോഗ്യം, വിദ്യാഭ്യാസം, വികസന സംരംഭങ്ങള്‍, സ്പോര്‍ട്സ് എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ റിലയന്‍സ് ഭാഗമായി.

മഹാമാരി കാലത്ത് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കും ദുര്‍ബലരായവര്‍ക്കും 8.5 കോടിയിലധികം സൗജന്യ ഭക്ഷണമാണ് റിലയന്‍സ് വിതരണം ചെയ്തത്. രണ്ടാം തരംഗത്തിനിടെ റിലയന്‍സ് പ്രതിദിനം 1,000 ടണ്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുകയും സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം ലിറ്ററിലധികം സൗജന്യമായി നല്‍കുകയും ചെയ്തു. ഗ്രാമീണ മേഖലയില്‍ 5,600 ഹെക്ടറിലധികം ഭൂമിയില്‍ ജലസേചനം ഉറപ്പാക്കുന്നതിനായി 121 ലക്ഷം ക്യുബിക് മീറ്റര്‍ ജലസംഭരണ ശേഷിയും കമ്പനി സൃഷ്ടിച്ചു. 10,896 ഗ്രാമീണ കുടുംബങ്ങളുടെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സ്വയം സഹായ സംഘങ്ങളിലെ 22,000 അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനും റിലയന്‍സ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

© 2024 Financial Views. All Rights Reserved