
ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള 50 കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടം പിടിച്ചു. വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 രൂപ ഉയര്‍ന്ന് 2,060.65 രൂപയിലെത്തിയതോടെ വിപണി മൂല്യം 13 ലക്ഷം കോടി രൂപ കടന്നു. ഇതോടെയാണ് ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ആല്‍ഫബെറ്റ് (ഗൂഗിള്‍) തുടങ്ങിയ ആഗോള വമ്പന്മാരോടൊപ്പം ഇന്ത്യയുടെ റിലയന്‍സിന് ഇടം പിടിക്കാനായത്.
1.7 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സൗദി അരാംകോയാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി. റിലയന്‍സിന്റെ സ്ഥാനം 48 ആണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഈ സ്ഥാനത്തെത്തുന്നത്. ആദ്യ 100-ല്‍ ഇടംപിടിച്ചിട്ടുള്ള ഇന്ത്യന്‍ കമ്പനി റിലയന്‍സിന് പുറമെ ടി.സി.എസ്. മാത്രമാണ്. ഏഷ്യയില്‍ നിന്നുള്ള കമ്പനികളില്‍ പത്താം സ്ഥാനത്താണ് റിലയന്‍സ്.