ചൈനീസ് ടെലികോം കമ്പനി വാവെയുടെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്

February 17, 2022 |
|
News

                  ചൈനീസ് ടെലികോം കമ്പനി വാവെയുടെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്

ന്യൂഡല്‍ഹി: ചൈനീസ് ടെലികോം കമ്പനിയായ വാവെയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കമ്പനിയുടെ ഡല്‍ഹി, ഗുരുഗ്രാം, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധന ഐടി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. വിവിധ രേഖകള്‍ ഐടി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, അക്കൗണ്ട് രേഖകള്‍, ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, വിദേശ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെന്നും അതില്‍ ആത്മവിശ്വാസമുണ്ടെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു. അടുത്തിടെ, മറ്റൊരു ചൈനീസ് ടെലികോം കമ്പനിയായ ഇസെഡ്ടിഇയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചൈനീസ് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍, ഹാന്‍ഡ്സെറ്റ് നിര്‍മാണ കമ്പനികളായ ഷവോമി, ഓപ്പോ എന്നിവയ്ക്കെതിരെയും അവയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെയും നികുതി വകുപ്പ് കഴിഞ്ഞ വര്‍ഷം തിരച്ചില്‍ നടത്തിയിരുന്നു.

ഈ ആഴ്ച ആദ്യം, ടെന്‍സെന്റ് എക്സ്റിവര്‍, നൈസ് വീഡിയോ ബൈഡു, വിവ വീഡിയോ എഡിറ്റര്‍, ഗെയിമിംഗ് ആപ്പ് ഗാരേന ഫ്രീ ഫയര്‍ ഇല്ലുമിനേറ്റ് എന്നിവയുള്‍പ്പെടെ ചൈനീസ് ലിങ്കുകളുള്ള 54 ആപ്പുകള്‍ കൂടി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രാലയം സുരക്ഷാ, സ്വകാര്യത ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബ്ലോക്ക് ചെയ്തിരുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൈനയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെയും ഇന്ത്യയിലെ മൊബൈല്‍ ആപ്പുകള്‍ വഴി തല്‍ക്ഷണ വായ്പകള്‍ നല്‍കുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെയും (എന്‍ബിഎഫ്സി) സ്വത്തുക്കള്‍ മരവിപ്പിച്ച് തിരച്ചില്‍ നടത്തിവരികയാണ്. കിഴക്കന്‍ ലഡാക്കിലെ സൈനിക നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് പിന്തുണയുള്ള കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടി ശക്തമാക്കിയത്.

Related Articles

© 2025 Financial Views. All Rights Reserved