800 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മംമ്‌സ്‌വേള്‍ഡ്; കൊറോണയിൽ തളരാത്ത ഓണ്‍ലൈന്‍ വ്യാപാരമേഖല

April 09, 2020 |
|
News

                  800 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മംമ്‌സ്‌വേള്‍ഡ്; കൊറോണയിൽ തളരാത്ത ഓണ്‍ലൈന്‍ വ്യാപാരമേഖല

ദുബായ്: കൊറോണ വൈറസ് ആഗോള സമ്പദ് വ്യവസ്ഥകളില്‍ പിടിമുറുക്കിയതോടെ ലോകമെങ്ങുമുള്ള കമ്പനികള്‍ ഇതുവരെ കാണാത്ത സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പകര്‍ച്ചവ്യാധിക്കാലം ഇതുവരെ കാണാത്ത നേട്ടം സമ്മാനിച്ച ഒരു വിഭാഗം കൂടി ലോകത്തുണ്ട്-ഓണ്‍ലൈന്‍ വ്യാപാര മേഖല. മിക്ക ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്‌ഫോമുകളിലും വില്‍പ്പന തകൃതിയായി മുന്നേറുകയാണ്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഭൂരിഭാഗം പുതിയ അമ്മമാരും ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് തിരഞ്ഞെടുത്തതോടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബേബി ഷോപ്പായ മംമ്‌സ്‌വേള്‍ഡ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ 800 ശതമാനം വില്‍പ്പന വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചതെന്ന് കമ്പനി സ്ഥാപകയും സിഇഒയുമായ മോണ അതയ പറയുന്നു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഉണ്ടായ മാറ്റമാണിതെന്നും മോണ പറഞ്ഞു.

രണ്ട് മാസം മുമ്പുള്ള അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്തത്തിലുള്ള വില്‍പ്പനയില്‍ 800 ശതമാനം വളര്‍ച്ചയുണ്ടായി. കമ്പനിയുടെ മുഖ്യ ഉപഭോക്തൃ വിഭാഗമായ പുതിയ അമ്മമാര്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 300-400 ശതമാനം വളര്‍ച്ചയും 0-12 മാസം വരെയുള്ള കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 100-200 ശതമാനം വളര്‍ച്ചയും ഇക്കാലയളവില്‍ ഉണ്ടായി. ചില ഉല്‍പ്പന്നങ്ങള്‍ മണിക്കൂറുകള്‍ കൊണ്ടാണ് വിറ്റഴിയുന്നതെന്നും മോണ പറഞ്ഞു.

ഗര്‍ഭകാലം മുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ച് ഒരു വയസ് ആകുന്നത് വരെ അമ്മമാര്‍ക്ക് ഏറ്റവും ആവശ്യമായ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലാണ് മംമ്‌സ്‌വേള്‍ഡ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ പകര്‍ച്ചവ്യാധി മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് ഫേസ് മാസ്‌കുകള്‍, ഇ-ലേണിംഗ് ഉല്‍പ്പന്നങ്ങള്‍, വിനോദ ഉപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങളും ഭക്ഷണങ്ങള്‍, ഗര്‍ഭകാല വൈറ്റമിനുകള്‍, ത്രെഡ്മില്‍സ് ഉള്‍പ്പടെയുള്ള വ്യായാമ സാമഗ്രികള്‍ എന്നിവയും ഉള്‍ക്കൊള്ളിച്ച് മംമ്‌സ്‌വേള്‍ഡ് വെബ്‌സൈറ്റ് പരിഷ്‌കരിച്ചിട്ടുണ്ട്.

ഇ-കൊമേഴ്‌സ് രംഗത്തിന്റെ വളര്‍ച്ച താത്കാലികം മാത്രമാണെന്നും പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതമെന്നോണം മൊത്തത്തില്‍ ഉപഭോക്തൃ ചിലവിടല്‍ കുറയുമെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും നേരത്തെ ഓണ്‍ലൈന്‍ വ്യാപാരത്തോട് മുഖംതിരിച്ച പലരും ഇന്ന് ഇ-കൊമേഴ്‌സിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതായി മോണ പറയുന്നു. നിലവിലെ പ്രത്യേക പരിതസ്ഥിതിയില്‍ ഓണ്‍ലൈനിലേക്ക് ചുവടുമാറ്റം നടത്തിയ പല കമ്പനികളും കാര്യങ്ങള്‍ പഴയപടി ആകുമ്പോള്‍ ഓണ്‍ലൈന്‍ സേവനം അവസാനിപ്പിക്കാനുള്ള സാധ്യത കുറവാണെന്നും മോണ അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും വന്നതോടെ കമ്പനിയിലെ ചില വിഭാഗങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടെങ്കിലും ആ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്ക് മറ്റ് വിഭാഗങ്ങളില്‍ പുതിയ ചുമതലകള്‍ നല്‍കിയതായും മോണ പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ യുഎഇയിലും സൗദി അറേബ്യയിലുമുള്ള വെയര്‍ഹൗസുകളില്‍ മതിയായ സ്‌റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും കൃത്യസമയത്ത് തന്നെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാറുണ്ടെന്നും മോണ വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved