പൊറോട്ടയ്ക്ക് പിന്നാലെ പോപ്കോണിനും 18 ശതമാനം ജിഎസ്ടി; പോപ്കോണ്‍ റെഡി-ടു-ഈറ്റ് വിഭാഗത്തില്‍

June 25, 2020 |
|
News

                  പൊറോട്ടയ്ക്ക് പിന്നാലെ പോപ്കോണിനും 18 ശതമാനം ജിഎസ്ടി;  പോപ്കോണ്‍ റെഡി-ടു-ഈറ്റ് വിഭാഗത്തില്‍

റെഡി-ടു-ഈറ്റ് പോപ്കോണ്‍ 18 ശതമാനം ജിഎസ്ടി പരിധിയ്ക്ക് കീഴില്‍ വരുമെന്ന് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ്‌സ് (എഎആര്‍) ഒരു വിധി ന്യായത്തില്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, സൂറത്ത് ആസ്ഥാനമായുള്ള പഫ്ഡ് കോണ്‍ നിര്‍മ്മാതാവ് - ജയ് ജലാരം എന്റര്‍പ്രൈസസ് ഉല്‍പ്പന്നത്തിന്റെ ബാധകമായ ജിഎസ്ടി നിരക്കിനെക്കുറിച്ച് വ്യക്തത വരുത്താന്‍ എഎആറിനെ സമീപിച്ചപ്പോഴാണ്, പോപ്പ്‌കോണിന് 18 ശതമാനം ജിഎസ്എടി ആണെന്ന് എഎആര്‍ വ്യക്തമാക്കിയത്.

എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന പോപ്‌കോണ്‍ 'ജെജെസ് പോപ്കോണ്‍' എന്ന പേരിലാണ് കമ്പനി വില്‍ക്കുന്നത്. പോപ്‌കോണിന് 5 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍മ്മാതാവിന്റെ വാദം. എന്നാല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന് എഎആര്‍ വ്യക്തമാക്കി. അപേക്ഷകന്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ 'എന്‍ട്രി 50, താരിഫ് ഇനമായി പരിഗണിക്കണമെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ പോപ്പ്‌കോണായി മാറ്റുമ്പോള്‍ ചോളം 'ധാന്യമായി നിലനില്‍ക്കില്ല' എന്ന് എഎആര്‍ വിലയിരുത്തി.

ധാന്യം വറുത്തതിലൂടെ ലഭിക്കുന്ന പോപ്പോകോണ്‍ റെഡി ടു ഈറ്റ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണമായതിനാലാണ് 18 ശതമാനം നികുതി ഈടാക്കുന്നതെന്നും എഎആര്‍ അഭിപ്രായപ്പെട്ടു. അടുത്തിടെ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്സ് റൂളിങിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂര്‍ണമായും പാകം ചെയ്തതുമായ ഭക്ഷണമാണ്. അതേസമയം പായ്ക്കറ്റിലുള്ള പൊറോട്ട ഉപയോഗിക്കുന്നതിന് മുമ്പ് വീണ്ടും ചൂടാക്കണം. അതിനാല്‍ റൊട്ടിയുടെ വകഭേദത്തില്‍ പൊറോട്ടയെ ഉള്‍പ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പൊറോട്ടയ്ക്ക് എഎആര്‍ 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്. പൊറോട്ടയ്ക്കെതിരെയുള്ള വിവേചനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം വ്യാപകമായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved