
ന്യൂഡല്‍ഹി: സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഉപഗ്രഹങ്ങളുടെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതിക്കായി രാജ്യത്ത് മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് 5,000ല്‍ അധികം പേര്‍. 2022 അവസാനത്തോടെ രാജ്യത്ത് 2 ലക്ഷം കണക്ഷനുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ പ്രതീക്ഷ. ലോകമാകെ പ്രീബുക്കിങ് 5 ലക്ഷം കടന്നു. ഒരു ലക്ഷം കണക്ഷനുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്റ്റാര്‍ലിങ്കിനു പുറമേ ആമസോണിന്റെ കിയ്പര്‍, എയര്‍ടെല്‍ ഭാഗമായ വണ്‍വെബ് എന്നിവയും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഇതില്‍ സ്റ്റാര്‍ലിങ്കും ആമസോണും കേന്ദ്രസര്‍ക്കാരുമായി അനൗദ്യോഗിക ആശയവിനിമയം നടത്തിയതായാണ് വിവരം. എന്നാല്‍ ഔദ്യോഗികമായ അപേക്ഷ ഇതുവരെ നല്‍കിയിട്ടില്ലെന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യ ഡയറക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ സഞ്ജയ് ഭാര്‍ഗവ പറഞ്ഞു. 2 ലക്ഷം കണക്ഷനുകളാണ് ലക്ഷ്യമിടുന്നതെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ലക്ഷ്യം നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സ്റ്റാര്‍ലിങ്കിന്റെ പ്രീബുക്കിങ് ഇന്ത്യയിലും നടക്കുന്നുണ്ട്. 99 ഡോളറാണ് (7350 രൂപ) നിരക്ക്. സ്റ്റാര്‍ലിങ്കിന്റെ മൊബൈല്‍ ആപ് വഴി നിങ്ങളുടെ സ്ഥലത്ത് കണക്റ്റിവിറ്റിയുണ്ടോയെന്ന് പരിശോധിക്കാം. കൂടുതല്‍ പ്രീബുക്കിങ് വന്നാല്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ അത്രയും എളുപ്പമാകുമെന്നും സഞ്ജയ് പറഞ്ഞു.
രാജ്യമാകെ ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൈലറ്റ് പദ്ധതിയായി നിശ്ചിത സ്ഥലങ്ങളില്‍ മാത്രം ആരംഭിക്കാനാണ് പദ്ധതി.സെമികണ്ടക്ടര്‍ ക്ഷാമം സ്റ്റാര്‍ലിങ്ക് കിറ്റ് നിര്‍മിക്കുന്ന വേഗത്തെ ബാധിച്ചിട്ടുണ്ട്. റോക്കറ്റില്‍ ഉപയോഗിക്കുന്ന ദ്രവീകൃത രൂപത്തിലുള്ള ഓക്‌സിജന്റെ ദൗര്‍ലഭ്യമുള്ളതുകൊണ്ട് കൂടുതല്‍ ഉപഗ്രഹങ്ങള്‍ പദ്ധതിക്കായി അയയ്ക്കുന്നതിലും പരിമിതി നേരിടുന്നുണ്ടെന്ന് സഞ്ജയ് പറഞ്ഞു.
ആയിരക്കണക്കിന് ചെറുഉപഗ്രഹങ്ങളാണ് പദ്ധതിക്കായി വിന്യസിക്കുന്നത്. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. കേബിള്‍ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളില്‍ പോലും ഇന്റര്‍നെറ്റ് ലഭിക്കുമെന്നതാണ് മെച്ചം. സെക്കന്‍ഡില്‍ 50 എംബി മുതല്‍ 150 എംബി വരെ സ്പീഡ് പരീക്ഷണ വേര്‍ഷനായ ബീറ്റയില്‍ ലഭിക്കുമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ അവകാശവാദം. കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതനുസരിച്ച് വേഗവും കൂടും.