
മ്യൂചല്‍ ഫണ്ടുകളുടെ ആസ്തികളില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി ആറുശതമാനം ഉയര്‍ന്ന് 3.7 ലക്ഷം കോടിയായതോടെ രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജുമെന്റ് കമ്പനിയായി എസ്ബിഐ മ്യൂച്വല്‍ ഫണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 24.4 ലക്ഷം കോടി രൂപയില്‍നിന്ന് 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ 27.02 ലക്ഷം കോടി രൂപയായും വര്‍ധിച്ചു.
എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിനെയാണ് എസ്ബിഐ മറികടന്നത്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി)പുറത്തുവിട്ട കണക്കുപ്രകാരമാണിത്.
ജനുവരി-മാര്‍ച്ച് പാദത്തിലാണ് എസ്ബിഐയ്ക്ക് ഈനേട്ടം. 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 3.5 ലക്ഷം കോടി രൂപ ആസ്തിയുണ്ടായിരുന്ന എസ്ബിഐയുടെ സ്ഥാനം മൂന്നാമതായിരുന്നു.
ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 3.8 ലക്ഷംകോടി രൂപയുടെ ആസ്തിയാണ് എച്ച്ഡിഎഫ്സി കൈകാര്യം ചെയ്തിരുന്നത്. ജനുവരി-മാര്‍ച്ച് പാദത്തോടെ ഇത് 3.6 ലക്ഷം കോടി രൂപയായി കുറഞ്ഞു.
3.5 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടാണ് മൂന്നാം സ്ഥാനത്ത്. 2.4 ലക്ഷം കോടി കൈകാര്യം ചെയ്യുന്ന ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട് നാലാം സ്ഥാനത്തുമുണ്ട്.