2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈവരിച്ച് മുത്തൂറ്റ് ഫിനാന്‍സ്

June 03, 2021 |
|
News

                  2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈവരിച്ച് മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവാണിത്. കമ്പനിയുടെ വായ്പാ ആസ്തികള്‍ 2021 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം 26 ശതമാനം വര്‍ധനവോയെ 52,622 കോടി രൂപയിലും എത്തിയിട്ടുണ്ട്. പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 200 ശതമാനം ലാഭവിഹിതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

എം. ജി. ജോര്‍ജ്ജ് മുത്തൂറ്റിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റിനെ ചെയര്‍മാനായി നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ഐകകണ്ഠേന തീരുമാനിച്ചു. എം. ജി. ജോര്‍ജ്ജ് മുത്തൂറ്റിന്റെ ഇളയ സഹോദരനാണ് അദ്ദേഹം. ഇതു തനിക്കു ലഭിക്കുന്ന അംഗീകാരമാണെന്നും വിനയത്തോടു കൂടി ചെയര്‍മാന്‍ പദവി സ്വീകരിക്കുന്നുവെന്നും ഇതേക്കുറിച്ച് ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. പരേതനായ എം. ജി. ജോര്‍ജ്ജ് മുത്തൂറ്റിന്റെ മാര്‍ഗനിര്‍ദേശ തത്വങ്ങളും മൂല്യങ്ങളും വരും വര്‍ഷങ്ങളിലും തങ്ങളെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാഥമിക ഓഹരി വില്‍പനയിലൂടെ തങ്ങളുടെ ഓഹരികള്‍ ലിസ്റ്റു ചെയ്തതിന്റെ പത്താം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നിരവധി നാഴികക്കല്ലുകളാണു പിന്നിട്ടിട്ടുള്ളതെന്നും പ്രവര്‍ത്തന ഫലത്തെ കുറിച്ചു പ്രതികരിച്ചു കൊണ്ട് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ക്രിസിലും ഐസിആര്‍എയും തങ്ങളുടെ ദീര്‍ഘകാല വായ്പാ റേറ്റിങ് എഎ പ്ലസ് ആയി ഉയര്‍ത്തിയിട്ടുണ്ട്. ഈ റേറ്റിങ് ഏജന്‍സികളില്‍ നിന്ന് എഎ പ്ലസ് റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള ഏക സ്വര്‍ണ പണയ എന്‍ബിഎഫ്സി എന്ന നേട്ടവും തങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്ന തങ്ങളുടെ രീതി തുടര്‍ന്നു കൊണ്ട് ഓഹരി ഒന്നിന് 20 രൂപ വീതം ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ ആകെ വായ്പാ ആസ്തി 2021 സാമ്പത്തിക വര്‍ഷത്തില്‍ 24 ശതമാനം വര്‍ധിച്ച് 58,280 കോടി രൂപയിലെത്തിയതായി പ്രഖ്യാപിക്കാന്‍ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം 21 ശതമാനം വര്‍ധിച്ച് 3,819 കോടി രൂപയിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

© 2025 Financial Views. All Rights Reserved