
മുംബൈ: മ്യൂച്ചല്‍ ഫണ്ട് കമ്പനിയായ ഐഡിബിഐ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിനെ സ്വര്‍ണപണയ ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ഏറ്റെടുക്കുന്നു. ബൈന്റിങ് ഓഫര്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ' കരാര്‍ നടപടികള്‍ ഈ ആഴ്ച തന്നെ പൂര്‍ത്തിയാക്കാനാകുമെന്ന് കരുതുന്നത്. മുത്തൂറ്റ് ഫിനാന്‍സ്,വികാസ് ഖമേനിയുടെ കര്‍ണേലിയന്‍ കാപ്പിറ്റല്‍ അഡൈ്വസര്‍ എന്നിവരില്‍ നിന്നാണ് ബൈന്റിങ് ഓഫറുകള്‍ ലഭിച്ചതെന്ന്' ബാങ്കുമായി ബന്ധപ്പെട്ടവര്‍ പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്.
എന്നിരുന്നാലും ഐഡിബിഐ,മുത്തൂറ്റ് സ്ഥാപനങ്ങളുടെ വക്താക്കള്‍ ഇക്കാര്യങ്ങളോട് പ്രതികരിച്ചിട്ടില്ല. എല്‍ഐസിയുടെ സ്വകാര്യ മേഖലയിലുള്ള സ്ഥാപനമാണ് ഐഡിബിഐ ബാങ്ക്. ഇവര്‍ പ്രധാന ബിസിനസായ ബാങ്കിങ് മാത്രം നിലനിര്‍ത്തി ബാക്കി ബിസിനസുകള്‍ കൈയ്യൊഴിയുന്നതിന്റെ ഭാഗമാണ് പുതിയ വില്‍പ്പനയെന്ന് അറിയുന്നു.2019 മാര്‍ച്ച് 31കണക്കുകള്‍ പ്രകാരം ഐഡിബിഐ അസറ്റ് മാനേജ്‌മെന്റിന്റെ 66.7% ഓഹരികളും ഐഡിബിഐ കാപ്പിറ്റല്‍ മാര്‍ക്കറ്റ് ആന്റ് സെക്യൂരിറ്റീസ് ഹോള്‍ഡിങ്ങില്‍ 33.33% ഓഹരികളും ഐഡിബിഐ ബാങ്കിന്റേതാണ്. ഇക്വിറ്റി,ഡെറ്റ്,ഹൈബ്രിഡ് ,ഗോള്‍ഡ് വിഭാഗങ്ങളിലായി 22 നിക്ഷേപ പദ്ധതിയാണ് ഐഡിബിഐ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിനുള്ളത്. 2018-19 കണക്കുകള്‍ അനുസരിച്ച് 6238 കോടി രൂപയുടെ ആസ്തികളും കൈകാര്യം ചെയ്യുന്നു.