മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രം വഴി 1000 കോടി രൂപ സ്വരൂപിക്കും

December 11, 2020 |
|
News

                  മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രം വഴി 1000 കോടി രൂപ സ്വരൂപിക്കും

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം നല്‍കി 1000 കോടി രൂപ സ്വരൂപിക്കും. കടപ്പത്രത്തിന്റെ മുഖവില 1000 രൂപയാണ്. ഇഷ്യു 2020 ഡിസംബര്‍ 11-ന് ആരംഭിച്ച് 2021 ജനുവരി അഞ്ചിന് ക്ലോസ് ചെയ്യും. അടിസ്ഥാന ഇഷ്യു വലുപ്പം 100 കോടി രൂപയാണെങ്കിലും 900 കോടി രൂപ വരെ അധികം സ്വരൂപിക്കാനുള്ള അനുവാദം കമ്പനിക്കുണ്ട്. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. കമ്പനിയുടെ കടപ്പത്രത്തിന് റേറ്റിംഗ് ഏജന്‍സികളായ ക്രിസില്‍ ഡബിള്‍ എ പോസിറ്റീവ് റേറ്റിംഗും ഇക്ര ഡബിള്‍ എ സ്റ്റേബിള്‍ റേറ്റിംഗും നല്‍കിയിട്ടുണ്ട്. കടപ്പത്രത്തിന്റെ സുരക്ഷിതത്വത്തെയാണ് ഈ റേറ്റിംഗ് സൂചിപ്പിക്കുന്നത്.

പ്രതിമാസ, വാര്‍ഷിക പലിശ, കാലാവധി റിഡംപ്ഷന്‍ ഉള്‍പ്പെടെ ആറ് നിക്ഷേപ ഓപ്ഷനുകള്‍ കടപ്പത്രത്തിന് ലഭ്യമാക്കിയിട്ടുണ്ട്. പലിശ നിരക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 6.75 ശതമാനം മുതല്‍ 7.75 ശതമാനം വരെയാണ്. ഇഷ്യുവഴി സ്വരൂപിക്കുന്ന തുക പ്രധാനമായും വായ്പ നല്‍കുവാനാണ് ഉപയോഗിക്കുകയെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ കടപ്പത്ര ഇഷ്യു ശ്രേണിയില്‍ ഇരുപത്തിനാലാമത്തേതാണ് ഈ ഇഷ്യുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സെക്യേര്‍ഡ് എന്‍സിഡി വഴി രണ്ടായിരം കോടി രൂപ സമാഹരിക്കാന്‍ കമ്പനി മുന്‍കയ്യെടുത്തിരുന്നു. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 20 വരെയാണ് അപേക്ഷകള്‍ ക്ഷണിച്ചിരുന്നത്. പബ്ലിക് ഇഷ്യൂവിന്റെ 23-ാമത് സീരിസ് വഴി ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളാണ് വിതരണം ചെയ്തതും. ഇതുവഴി നൂറു കോടി രൂപയുടെ ഈ ഇഷ്യുവിലെ 1900 കോടി രൂപ വരെയുള്ള അധിക സമാഹരണം കൈവശം വെക്കാന്‍ കമ്പനിക്ക് സാധിച്ചു. നേരത്തെ, നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 16 ശതമാനം വര്‍ധിച്ച് 46,501 കോടി രൂപയിലെത്തിയിരുന്നു. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം കഴിഞ്ഞ വര്‍ഷത്തെ 563 കോടി രൂപയെ അപേക്ഷിച്ച് 52 ശതമാനം വര്‍ധിച്ച് 858 കോടി രൂപയിലെത്തുകയുണ്ടായി. ലോക്ഡൗണിനെ തുടര്‍ന്ന് ശാഖകള്‍ തുറന്നപ്പോള്‍ വിതരണത്തേക്കാള്‍ കൂടുതല്‍ തിരിച്ചടവാണ് കമ്പനി കണ്ടത്.

Related Articles

© 2025 Financial Views. All Rights Reserved