
ന്യൂഡൽഹി: ഉപയോക്താക്കൾക്ക് പണ കൈമാറ്റ സേവനങ്ങൾ മാത്രം നൽകി മുത്തൂറ്റ് ഫിൻകോർപ്പ് പരിമിതമായ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കും. റിസർവ് ബാങ്ക് പുറത്തിറക്കിയ നിർദേശപ്രകാരം കമ്പനി മണി ട്രാൻസ്ഫർ സേവനങ്ങൾക്കായി (എംടിഎസ്എസ്) രാജ്യത്തൊട്ടാകെയുള്ള തിരഞ്ഞെടുത്ത ബ്രാഞ്ചുകൾ മാത്രം തുറക്കും.
അടുത്ത ബന്ധുക്കൾ അയച്ച പണത്തെ ആശ്രയിച്ച് കഴിയുന്ന വ്യക്തികൾക്കാണ് പ്രധാനമായും പണ കൈമാറ്റ സേവനങ്ങൾ പ്രയോജനപ്പെടുത്താനാവുന്നത്. എന്നിരുന്നാലും, ലോക്ക്ഡൗൺ എംടിഎസ്‌എസിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് ആളുകളെ വളരെയധികം പ്രതിസന്ധിയിലാക്കി. പ്രശ്നം പരിഹരിക്കുന്നതിന്, ആർബിഐ 2020 ഏപ്രിൽ 13 ലെ ആശയവിനിമയം വഴി പൊതുജനങ്ങൾക്ക് എംടിഎസ്എസ് സേവനങ്ങൾ ആരംഭിക്കാൻ നിർദ്ദേശിച്ചു.
സാധാരണക്കാരിൽ ലോക്ക്ഡൗണുണ്ടാക്കിയ സാമ്പത്തിക ആഘാതം വളരെ വലുതാണ്. ആർബിഐ നിർദ്ദേശം സാധാരണക്കാർക്ക് ആശ്വാസമേകുകയും അത്തരം സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മുത്തൂറ്റ് ഫിൻകോർപ്പിനെ പ്രാപ്തമാക്കുകയും ചെയ്യുമെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മുത്തൂത്ത് ഫിൻകോർപ്പ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂത് പറഞ്ഞു.
കേരളത്തിൽ തിരഞ്ഞെടുത്ത ശാഖകൾ ഏപ്രിൽ 16 മുതൽ തുറക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ തിരഞ്ഞെടുത്ത ശാഖകൾ ഏപ്രിൽ 17 മുതൽ തുറക്കും. പകർച്ചാവ്യാധിയുടെ ആഘാതം, പ്രാദേശിക അധികാരികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ എന്നിവ പോലുള്ള നിർണായക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ശാഖകൾ തിരഞ്ഞെടുക്കുന്നതെന്ന് ധനകാര്യ സേവന ദാതാവ് പറഞ്ഞു. അധികൃതരുടെ നിർദേശപ്രകാരം, ആരോഗ്യ, ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോട്ടോക്കോൾ എന്നിവ ഉപയോക്താക്കളും സ്റ്റാഫുകളും പൂർണ്ണമായി പാലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.