
കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തുറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നികുതിക്കു മുമ്പുള്ള ലാഭത്തില്‍ 65 ശതമാനവും പലിശ വരുമാനത്തില്‍ 17.50 ശതമാനവും വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. നവീകരണം കൊണ്ടുവരാനായതിനാലാണ് കോവിഡ് മഹാമാരിയെയും അതിജീവിച്ച് ലാഭം നേടാന്‍ മുത്തൂറ്റ് മിനിക്കായത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 18 ശതമാനം നിരക്കില്‍ വളര്‍ച്ച കൈവരിക്കാനായി.
ഉപഭോക്താക്കളുമായി നല്ലബന്ധം സ്ഥാപിച്ച് നൂതന പദ്ധതികള്‍ അവിഷ്‌കരിച്ച് നടപ്പാക്കിയതും, മൊറട്ടോറിയം ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ സ്വീകരിച്ചതും കോവിഡ് കാലത്ത് ഉപഭോക്താക്കളെ പിടിച്ചുനിറുത്താന്‍ സഹായിച്ചതായി മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. നോണ്‍കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറിലൂടെ (എന്‍സിഡി) 700 കോടി രൂപ സമാഹരിക്കാനായി. ഈ കാലയളവില്‍ നാല് പൊതുമേഖല ബാങ്കുകളുമായി ബിസിനസ്സ് ബന്ധം സ്ഥാപിക്കുകയും 23 ശാഖകളും 5 സോണല്‍ ഓഫീസുകളും ആരംഭിക്കുകയും ചെയ്തു.
ഡിജിറ്റല്‍ നവീകരണം പൂര്‍ത്തിയാക്കി 75 ശതമാനത്തിന്റെ അധിക വളര്‍ച്ച കൈവരിക്കുകയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം. 100 പുതിയ ശാഖകളും ആരംഭിക്കും. ഓരോ ശാഖയുടെയും ശരാശരി ബിസിനസ്സ് രണ്ടരകോടിയെന്നത് 4 കോടിയായി ഉയര്‍ത്താനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.