
ബെംഗലൂരു: വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനി മിന്ത്രയുടെ സിഇഓ സ്ഥാനം രാജി വെച്ചതിന് പിന്നാലെ ഒരു മടങ്ങി വരവിന് ഒരുങ്ങുകയാണ് അനന്ത് നാരായണന്‍. എന്നാല്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാര കമ്പനിയായ മെഡ്‌ലൈഫിന്റെ സിഇഓ ആയിട്ടാണ് അദ്ദേഹം ഇനി ചുമതലയേല്‍ക്കുന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. കമ്പനിയുടെ സഹസ്ഥാപകന്‍ എന്ന പദവിയും ഇദ്ദേഹത്തിനുണ്ടാകും.
നടത്തിപ്പ് ആവശ്യത്തിനായി 150 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കുന്നതിനായി നിക്ഷേപകരുമായി ചര്‍ച്ചകള്‍ പുരോഗമിച്ച് വരുന്ന വേളയിലാണ് കമ്പനി തലപ്പത്തേക്ക് അനന്ത് നാരായണന്‍ ചുമതലയേല്‍ക്കുന്നത്. കമ്പനിയിലേക്ക് അദ്ദേഹവും വന്‍ തുക നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് എത്രയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഫ്‌ളിപ്പ്കാര്‍ട്ടിന് കീഴിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ സ്‌റ്റോറായ മിന്ത്രയുടെയും ജബോംഗിന്റെയും സി.ഇ.ഒ സ്ഥാനം ഇക്കഴിഞ്ഞ നവംബറിലാണ് അനന്ത് നാരായണന്‍ രാജിവെച്ചത്. മാതൃസ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടില്‍ നടന്ന പ്രവര്‍ത്തന പുനഃക്രമീകരണത്തോടുള്ള എതിര്‍പ്പാണ് രാജിക്ക് കാരണമെന്നാണ് സൂചന. അനന്ത് നാരായണന്‍ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറില്‍ ചേര്‍ന്നേക്കുമെന്നും അന്ന് സൂചനകള്‍ ഉയര്‍ന്നിരുന്നു. മിന്ത്രയുടെയും ജബോംഗിന്റെയും പുതിയ സി.ഇ.ഒയായി അമര്‍ നാഗാറാമിനെയാണ് നിയമിച്ചത്.