
മുംബൈ: ടാറ്റാസണ്‍സില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം മുന്‍ മേധാവിയായിരുന്ന സൈറസ് മിസ്ത്രിക്ക് പുന:സ്ഥാപിച്ച് നല്‍കിയ ദേശീയ കമ്പനികാര്യ ട്രിബ്യൂണിലിന്റെ വിധിക്ക് എതിരെ നിയമപോരാട്ടം തുടരുമെന്ന് എന്‍ നടരാജ ചന്ദ്രശേഖരന്‍.കമ്പനിക്ക് തങ്ങള്‍ നല്‍കിയ കേസില്‍ ആത്മവിശ്വാസമുണ്ടെന്നും തുടര്‍ നടപടികളുമായി മുമ്പോട്ട് പോകുമെന്നും അദേഹം കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.'' ഈ സമയത്ത് നിങ്ങള്‍ ഓരോരുത്തരുടെയും അടുത്ത് എത്തേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. 2017ല്‍ ഫെബ്രുവരിയിലാണ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നത്.
അന്ന് മുതല്‍ കമ്പനിയില്‍ ആരോഗ്യപരമായ സാമ്പത്തിക നിലയിലേക്ക് ഉറച്ച് മുന്നേറാനും സ്ഥിരത നിലനിലനിര്‍ത്താനും 150 വര്‍ഷത്തെ പാരമ്പര്യമുള്ള മൂല്യബോധങ്ങളോടെ ബിസിനസ് നടത്താനും തല്‍പ്പരകക്ഷികളോട് ഉത്തരവാദിത്തവും ആദരവും നിലനിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമൊക്കെ പരിശ്രമിച്ചിട്ടുണ്ട്. ഇനിയും മുമ്പോട്ട് പോകുമ്പോള്‍ ടാറ്റാഗ്രൂപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. മുഴുവന്‍ ജീവന്ക്കാരും തങ്ങളുടെ പ്രവര്‍ത്തനങ്ങൡ ശ്രദ്ധകേന്ദ്രീകരിച്ച് മുമ്പോട്ട് പോകണമെന്നും സ്ഥാപനത്തിന്റെ പ്രശസ്തി ഉയര്‍ത്താന്‍ ഒന്നായി പ്രവര്‍ത്തിക്കണമെന്നും ആഗ്രഹിക്കുന്നു''. ആശംസകളോടെ ചന്ദ്ര, എന്ന വാക്കുകളോടെയാണ് നടരാജ ചന്ദ്രശേഖരന്റെ കത്ത് അവസാനിക്കുന്നത്.
ഇന്നലെയാണ് സൈറസ് മിസ്ത്രിയുടെ അപ്പീലില്‍ ചെയര്‍മാന്‍ സ്ഥാനത്ത് പുന:സ്ഥാപിച്ചുകൊണ്ട് വിധി വന്നത്. നിലവിലെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നടരാജ ചന്ദ്രശേഖരനെ പുറത്താക്കുകയും ചെയ്തിരുന്നു . മൂന്ന് വര്‍ഷം നീണ്ട നിയമയുദ്ധമാണ് മുന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സൈറസ് മിസ്ത്രിയും ടാറ്റാസണ്‍സ് ഗ്രൂപ്പും തമ്മില്‍ തുടരുന്നത്.