
പ്രതിരോധ, വ്യോമ മേഖലകളിലെ അനന്ത സാധ്യത പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ വന്‍ നിക്ഷേപങ്ങള്‍ക്ക് യു.എസ്. കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി 74% ആക്കി ഉയര്‍ത്തിയ കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വലിയ നിക്ഷേപത്തിന് ആഹ്വാനം ചെയ്തത്. പ്രതിരോധ മേഖലയ്ക്ക് പുറമെ ആരോഗ്യ രംഗത്തും ഐടി മേഖലയിലും ഊര്‍ജ്ജ മേഖലയിലും നിക്ഷേപം നടത്താന്‍ അനിവാര്യമായ സമയമാണിതെന്നും യുഎസ്- ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ സമ്മേളനമായ 'ഇന്ത്യ ഐഡിയാസ്' ഉച്ചകോടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
നിക്ഷേപങ്ങള്‍ക്ക് അവസരം നല്‍കുന്ന തുറന്ന സമീപനമുള്ള രാജ്യമാണ് ഇന്ത്യയെന്നും ലോക്ക് ഡൗണ്‍ കാലത്ത് 2000 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചെന്നും മോദി അറിയിച്ചു.എല്ലാ വര്‍ഷവും വിദേശ നിക്ഷേപത്തിലും നാം പുതിയ റെക്കോഡുകള്‍ ഭേദിക്കുകയാണ്. 2019-20ല്‍ വിദേശ നിക്ഷേപം 7400 കോടി ഡോളറായിരുന്നു. മുന്‍ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനത്തിന്റെ വര്‍ധനയാണിത്. ലോക ബാങ്കിന്റെ ബിസിനസ്സ് റാങ്കിങ്ങില്‍ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 63 ാം സ്ഥാനത്ത് കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയെത്തിയിരുന്നു. വ്യാപാരം ചെയ്യാന്‍ സൗകര്യമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയത്. 50 ാം സ്ഥാനമാണ് ഇന്ത്യയുടെ ലക്ഷ്യം.
അടിസ്ഥാന സൗകര്യം, കാര്‍ഷികം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലെ നിക്ഷേപത്തിനും മാദി യു.എസ്. കമ്പനികളെ ക്ഷണിച്ചു. ആഗോളതലത്തില്‍ തന്നെ ഇന്ത്യയെ പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത്. ഇതിനു കാരണം തുറന്ന മനസ്സും അവസരങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമാണ്. ഇന്ത്യ അവസരങ്ങളുടെ രാജ്യമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നഗരങ്ങളിലെ ഉപയോക്താക്കളുടേതിനെക്കാള്‍ ആദ്യമായി കൂടി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ തുറന്നതും പരിഷ്‌കാരത്തിലൂന്നിയുള്ളതുമാക്കാന്‍ ആറു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവി വികസനം മനുഷ്യ കേന്ദ്രീകൃതമാകണം. സമൃദ്ധമായ ലോകത്തിനായി ഇന്ത്യ വലിയ സംഭാവനയാണ് നല്‍കുന്നത്- പ്രധാനമന്ത്രി പറഞ്ഞു.