ബിറ്റ്കോയിന്‍ ഫണ്ടിന് നാസ്ദക് ദുബായില്‍ വ്യാപാരം നടത്താന്‍ അനുമതി

April 21, 2021 |
|
News

                  ബിറ്റ്കോയിന്‍ ഫണ്ടിന് നാസ്ദക് ദുബായില്‍ വ്യാപാരം നടത്താന്‍ അനുമതി

ദുബായ് : ദുബായ് ഓഹരി വിപണിയായ നാസ്ദക് ദുബായില്‍ വ്യാപാരം നടത്താന്‍ ബിറ്റ്കോയിന്‍ ഫണ്ടിന് ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് അതോറിട്ടിയുടെ അനുമതി. നാസ്ദക് ദുബായിലെ ബിറ്റ്കോയിന്‍ ഫണ്ടിന്റെ ഇരട്ട ലിസ്റ്റിംഗിന് വേണ്ട അനുമതികള്‍ ലഭിച്ചതായി കാനഡ ആസ്ഥാനമായ ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് കമ്പനിയായ 3ശഝ അറിയിച്ചു. ഇതോടെ പശ്ചിമേഷ്യയില്‍ ഓഹരിവിപണിയില്‍ വ്യാപാരം നടത്തുന്ന ആദ്യ ക്രിപ്റ്റോ കറന്‍സി ഫണ്ടായി ബിറ്റ്കോയിന്‍ ഫണ്ട് മാറും. മേയ് മൂന്നാം വാരത്തോടെ ലിസ്റ്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി അവസാന വാരത്തോടെ നാസ്ദക് ദുബായില്‍ ഓഹരികളുടെ വ്യാപാരം ആരംഭിക്കാനാകുമെന്നാണ് ബിറ്റ്കോയിന്‍ ഫണ്ട് കരുതുന്നത്.

15 മില്യണ്‍ ഡോളറിന്റെ ആസ്തികളുമായി കഴിഞ്ഞ വര്‍ഷം ടൊറന്റോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ബിറ്റ്കോയിന്‍ ഫണ്ടിന്് കീഴില്‍ നിലവില്‍ ഏകദേശം 1.5 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ ഉണ്ട്. ബിറ്റ്കോയിന്‍ മൂല്യത്തിലുണ്ടായ അസാധാരണ വളര്‍ച്ചയാണ് ഇതിന് പിന്നില്‍. ഫണ്ട് പ്രവര്‍ത്തനം തുടങ്ങി 12 മാസത്തിനുള്ളില്‍ ബിറ്റ്കോയിന്റെ മൂല്യം 7,300 ഡോളറില്‍ നിന്നും 57,000 ഡോളറായി മാറിയിരുന്നു. കഴിഞ്ഞ ആഴ്ച ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ കോയിന്‍ബേസില്‍ ഓഹരികളുടെ ലിസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ബിറ്റ്കോയിന്റെ മൂല്യം 63,000ത്തില്‍ എത്തിയിരുന്നു. എന്നാല്‍ ക്രിപ്റ്റോകറന്‍സികളുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയിലുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ബിറ്റ്കോയിന്‍ മൂല്യം 54,806ല്‍ എത്തി. നിലവില്‍ 1 ട്രില്യണിലധികം വിപണി മൂലധനമാണ് ബിറ്റ്കോയിനുള്ളത്.   

അടുത്ത വര്‍ഷത്തോടെ ആസ്തി മൂല്യം ഇരട്ടിയാക്കാനാണ് ഫണ്ടിന്റെ പദ്ധതിയെന്ന് 3ശഝ ചെയര്‍മാനും സിഇഒയുമായ ഫെഡറിക് പീ പറഞ്ഞു. മേയ് സിംഗപ്പൂര്‍, തായ്വാന്‍, സ്വീഡന്‍, യുഎസ്, എന്നീ വിപണികളിലും ബിറ്റ്കോയിന്‍ ഫണ്ടിനെ ലിസ്റ്റ് ചെയ്യുന്നതിനായി അവിടങ്ങളിലെ ഓഹരി വിപണികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഫെഡറിക് പീ അറിയിച്ചു. ഇത്തരത്തില്‍ ബിറ്റ്കോയിന്റെ 24 മണിക്കൂര്‍ വ്യാപാരമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ദുബായ് ആസ്ഥാനമായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി ദല്‍മ കാപ്പിറ്റലാണ് പശ്ചിമേഷ്യയില്‍ ബിറ്റ്കോയിന്‍ ഫണ്ടിന്റെ വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായ കോര്‍പ്പറേറ്റ് ഫിനാന്‍സ് ഉപദേഷ്ടാവായ 01 കാപ്പിറ്റലും ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ റസ്ലിന്‍ കാപ്പിറ്റലും ബിറ്റ്കോയിന്‍ ഫണ്ടിന് ദുബായ് ലിസ്റ്റിംഗിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. പിന്‍സെന്റ് മേസണ്‍സ് ആണ് ലിസ്റ്റിംഗിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ നടത്തിയത്. അതുല്യമായ ഈ നിക്ഷേപ അവസരം പശ്ചിമേഷ്യയിലേക്ക്് കൂടി വ്യാപിപ്പിക്കുന്നതിനുള്ള അനുയോജ്യമായ അവസരമായാണ് ഈ ലിസ്റ്റിംഗിനെ കരുതുന്നതെന്ന് പീ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved