പേയു ബില്‍ഡെസ്‌ക്കിനെ വാങ്ങിയേക്കും; ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡീലായി മാറുമോ?

July 08, 2021 |
|
News

                  പേയു ബില്‍ഡെസ്‌ക്കിനെ വാങ്ങിയേക്കും;  ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡീലായി മാറുമോ?

മുംബൈ: ഫിന്‍ടെക് ഭീമന്‍ പേയു പ്രമുഖ ആഭ്യന്തര പേമെന്റ് ഗേറ്റ് വേ പ്ലാറ്റ്‌ഫോമായ ബില്‍ഡെസ്‌ക്കിനെ വാങ്ങിയേക്കും. ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ കമ്പനികളിലൊന്നായ നാസ്‌പേഴ്‌സ് പിന്തുണയ്ക്കുന്ന സംരംഭമാണ് പേയു. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡീലായി ഇത് മാറിയേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ ബഹുരാഷ്ട്ര ഭീമന്‍ വാള്‍മാര്‍ട്ട് വാങ്ങിയത് 16 ബില്യണ്‍ ഡോളറിനാണ്. അതിന് ശേഷമുള്ള ഏറ്റവും വലിയ ഡീലാകും പേയു-ബില്‍ഡെസ്‌ക് ഏറ്റെടുക്കല്‍.   

ബില്‍ഡെസ്‌ക്കില്‍ 100 ശതമാനം ഓഹരി വാങ്ങാന്‍ പേയു താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു. എന്നാല്‍ മറ്റ് ചില കമ്പനികള്‍ കൂടി ബില്‍ഡെസ്‌ക് ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. ഇന്ത്യയിലെ പേമെന്റ് ഗേറ്റ് വേ രംഗത്തെയൊന്നാകെ മാറ്റി മറിക്കുന്ന ഏറ്റെടുക്കലായിരിക്കും ഇത്-ഇടപാടുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. 

ബില്‍ഡെസ്‌ക്കിന്റെ സ്ഥാപകര്‍ക്കും നിലവിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ ടെമാസെക്കിനും ജനറല്‍ അറ്റ്‌ലാന്റിക്കിനും പുറത്തുകടക്കാന്‍ അവസരമൊരുക്കുന്നത് കൂടിയായിരിക്കും പുതിയ ഇടപാട്. ബില്‍ഡെസ്‌ക്കിന് 4.5 ബില്യണ്‍ ഡോളര്‍ എന്ന പ്രീമിയം വാല്യുവേഷന്‍ കണക്കാക്കി ആയിരിക്കും ഡീലെന്നാണ് സൂചന.   

ഏറ്റെടുക്കല്‍ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കാന്‍ ഇരുകമ്പനികളുടെയും വക്താക്കളോ പേയുവിന്റെ നിക്ഷേപക സ്ഥാപനങ്ങളോ തയാറായില്ല. ആര്‍തര്‍ ആന്‍ഡേഴ്‌സണില്‍ ജോലി ചെയ്തിരുന്ന ഒരു സംഘം പ്രൊഫഷണലുകളാണ് 2000ത്തില്‍ ബില്‍ഡെസ്‌ക്കിന് തുടക്കം കുറിച്ചത്. വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രോണിക് പേമെന്റ്‌സ്, കളക്ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒറ്റ പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ധനകാര്യ സേവന സ്ഥാപനങ്ങളും ടെലികോം സ്ഥാപനങ്ങളും, ഇ-കൊമേഴ്‌സ് കമ്പനികളും വിദ്യാഭ്യാസ കമ്പനികളുമെല്ലാം ബില്‍ ഡെസ്‌ക്കിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

Read more topics: # പേയു, # PayU, # BillDesk,

Related Articles

© 2025 Financial Views. All Rights Reserved