
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്നുവരുന്നതിനിടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് രംഗത്ത് ശുഭപ്രതീക്ഷകള്‍ നല്‍കി നാസ്‌കോം റിപ്പോര്‍ട്ട്. 2021ല്‍ 50 'യൂനികോണു'കള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് രംഗത്തുണ്ടാകുമെന്നാണ് നാസ്‌കോം പറയുന്നത്. ബിസിനസ് ലോകത്ത് ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന ഒരു സ്വകാര്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെ സൂചിപ്പിക്കുന്നതിനുള്ള പദമാണ് യൂണികോണ്‍.
2020ല്‍ കോവിഡിന് ശേഷം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതിന്റെ ഫലമായി നിരവധി അവസരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം രംഗപ്രവേശനം ചെയ്ത 1600 ഓളം സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് 12 യൂണികോണുകളാണ് ഉയര്‍ന്നുവന്നത്. ഇത് ഒരുവര്‍ഷത്തിലുണ്ടാകുന്ന ഏറ്റവും വലിയ റെക്കോര്‍ഡ് നേട്ടമാണ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖല വര്‍ഷാ വര്‍ഷം 8-10 ശതമാനം വരെ വളര്‍ച്ച നേടുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വയര്‍ ആന്റ് സര്‍വീസ് കമ്പനീസിന്റെ (നാസ്‌കോം) വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2020 ല്‍ ഇന്ത്യയിലെ മൊത്തം സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മൊത്തം എണ്ണത്തില്‍ കുറവാണെങ്കിലും സീഡ് സ്റ്റേജ് ഘട്ടത്തിലെ നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 2019 ലെ സീഡ് സ്റ്റേജ് നിക്ഷേപത്തേക്കാള്‍ 90 ശതമാനം അധികമാണിത്.
' 2020 ലെ ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പ്രകടനം ഇന്ത്യന്‍ സംരംഭകരുടെ ഉന്മേഷവും നല്ല മനോഭാവവും പ്രകടമാക്കുന്നു. ഇന്നോവേഷന്‍, ശരിയായ തീരുമാനമെടുക്കല്‍, ശക്തമായ നിക്ഷേപ പ്രതിബദ്ധത എന്നിവ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു' നാസ്‌കോം പ്രസിഡന്റ് ഡെബ്ജാനി ഘോഷ് പറഞ്ഞു.
'പുതിയ സ്റ്റാര്‍ട്ടപ്പുകള്‍, കുതിച്ചുയരുന്നതും യൂണി കോണ്‍സ് വര്‍ധിക്കുന്നതും കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഭാവി കാണിക്കുന്നു. 2021 ഇന്ത്യന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു നല്ല വര്‍ഷമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഒരു ട്രില്ല്യണ്‍ ഡോളര്‍ ഡിജിറ്റല്‍ ഇക്കോണമി ലക്ഷ്യത്തിലേക്ക് ക്രമാനുഗതമായി മുന്നേറുന്നു' ഡെബ്ജാനി കൂട്ടിച്ചേര്‍ത്തു.