കോവിഡ്-19 ചികിത്സയ്‌ക്ക് എൻപിഎസ് നിക്ഷേപം ഭാഗികമായി പിൻവലിക്കാം; വിശദാംശങ്ങൾ ഇങ്ങനെ

April 15, 2020 |
|
News

                  കോവിഡ്-19 ചികിത്സയ്‌ക്ക് എൻപിഎസ് നിക്ഷേപം ഭാഗികമായി പിൻവലിക്കാം; വിശദാംശങ്ങൾ ഇങ്ങനെ

കോവിഡ്-19 ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുന്നതിനായി എൻ‌പി‌എസ് വരിക്കാർക്ക് അവരുടെ നിക്ഷേപം ഭാഗികമായി പിൻ‌വലിക്കാം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (പി‌എഫ്‌ആർ‌ഡി‌എ) യാണ് കഴിഞ്ഞ ആഴ്‌ച ഈ കാര്യം അറിയിച്ചത്. വരിക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഭാഗിക പിൻവലിക്കലുകൾ അനുവദിക്കുക.

അതായത് വരിക്കാരന് വേണ്ടിയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതപങ്കാളി, കുട്ടികള്‍, വരിക്കാരന്റെ ആശ്രിതരായ മാതാപിതാക്കള്‍, നിയമപരമായി ദത്തെടുത്ത കുട്ടികള്‍ എന്നിവർക്ക് വേണ്ടിയോ ഉള്ള കോവിഡ് 19 ചികിത്സക്കായി ഭാഗിക പിന്‍വലിക്കലിനുള്ള അഭ്യര്‍ഥന നടത്താമെന്ന് പിഎഫ്ആര്‍ഡിഎ അറിയിച്ചു. എന്നാൽ ഭാഗിക പിൻവലിക്കൽ സൗകര്യം അടൽ പെൻഷൻ യോജന (എപിവൈ) വരിക്കാർക്ക് ബാധകമല്ലെന്ന് പിഎഫ്ആർഡിഎ വ്യക്തമാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയ്‌ക്കൊപ്പം ഇന്ത്യയും കൊവിഡ് 19 ഒരു മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, മനുഷ്യ ജീവന് ഭീഷണിയാവുന്ന കൊറോണ ഒരു ഗുരുതരമായ രോഗമാണെന്ന് കണക്കാക്കുന്നുവെന്ന്, എന്‍പിഎസിന് കീഴിലുള്ള എല്ലാ പങ്കാളികളെയും വരിക്കാരെയും അഭിസംബോധന ചെയ്ത സര്‍ക്കുലറില്‍ പിഎഫ്ആര്‍ഡിഎ വ്യക്തമാക്കി.

പി‌എഫ്‌ആർ‌ഡി‌എ നടത്തുന്ന രണ്ട് മുൻ‌നിര പെൻഷൻ പദ്ധതികളാണ് എൻ‌പി‌എസും എ‌പി‌വൈയും. 2004-ൽ സർക്കാർ ജീവനക്കാർക്കായി അവതരിപ്പിക്കുകയും പിന്നീട് പൊതുജനങ്ങൾക്കായി വിപുലീകരിക്കുകയും ചെയ്ത പദ്ധതിയാണ് എൻപിഎസ്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആളുകളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് എ‌പി‌വൈ.

കോവിഡ് കാരണം രാജ്യവ്യാപകമായി ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് നിയമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ മാസമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചത്. അതായത് പ്രത്യേക സാഹചര്യം പരിഗണിച്ച് ഇപിഎഫ് വരിക്കാര്‍ക്ക് ബാലന്‍സ് തുകയുടെ 75 ശതമാനം പിന്‍വലിക്കാം. 75 ശതമാനം തുകയോ മൂന്നുമാസത്തെ വേതനമോ ഏതാണ് കുറവ് അതായിരിക്കും അനുവദിക്കുക. തിരിച്ചടയ്ക്കാത്ത തുകയായിട്ടായിരിക്കും ഇത് നല്‍കുക.

4.8 കോടി ഇപിഎഫ് അംഗങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും. യുഎഎൻ പോർട്ടൽ വഴിയോ ആപ്പ് വഴിയോ വരിക്കാർക്ക് തുക എളുപ്പത്തിൽ പിൻവലിക്കാനാകുമെന്നും ധനമന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ്-19 പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാനായി പ്രധാനമന്ത്രി ഗാരിബ് കല്യാൺ യോജന പ്രകാരം ധനമന്ത്രാലയം നൽകിയ പിഎഫ് പിൻവലിക്കൽ ഇളവിനായി ഒരു ലക്ഷത്തോളം അപേക്ഷകളാണ് ഇപിഎഫ്ഒയ്ക്ക് ലഭിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved