
റിയാദ്: പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദിയില്‍ സ്വദേശി വത്കരണം ശക്തമാകുന്നു. ഹോസ്പിറ്റാലിറ്റി മേഖലയിലും തൊഴില്‍ പരിഷ്‌കരണം ശക്തമാകുമെന്ന് അറിയിച്ചതോടെ ഇന്ത്യാക്കാരടം നിരവധി പേര്‍ ആശങ്കയിലാണ്. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ റിസോര്‍ട്ടുകള്‍, വില്ലകള്‍, ഹോട്ടല്‍ സ്യൂട്ടുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവരെ ഇത് സാരമായി ബാധിക്കും. എന്നാല്‍ സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടമെന്നവണ്ണം ഫ്രണ്ട് ഡോര്‍, പര്‍ച്ചേസ്, റിസര്‍വേഷന്‍, മാര്‍ക്കറ്റിങ് എന്നിവയിലെ വിദേശികളെ ആദ്യ ഘട്ടത്തില്‍ നീക്കം ചെയ്യുമെന്നാണ് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അല്‍ റാജിഹി അറിയിച്ചിരിക്കുന്നത്.
അഡ്മിനിസ്ട്രേറ്റീവ് കോര്‍ഡിനേറ്റിങ് സ്റ്റാഫ്, ഫിറ്റ്നസ്, ജിം സൂപ്പര്‍വൈസേഴ്സ്, അഡ്മിനിസ്ട്രേഷന്‍, കഫേ വെയിറ്റേഴ്സ്, സെയില്‍സ് റെപ്, ഡയറക്റ്റര്‍, അസിസ്റ്റന്റ്, മാനേജര്‍, സൂപ്പര്‍വൈസര്‍, ടൂറിസ്റ്റ് എന്‍ക്വയറി ക്ലര്‍ക്ക്, അഡ്മിനിസ്ട്രേറ്റീവ് എപ്ലോയി, തുടങ്ങിയ തസ്തികകളിലുള്ളവരെ കൂടി സ്വദേശി വത്കരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019 ഡിസംബര്‍ മുതലാകും ഇവരെ ഉള്‍പ്പെടുത്തിയുള്ള സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍ വരിക.
തൊഴിലുടമകള്‍ പൂര്‍ണമായ സ്വദേശിവത്കരണം നിര്‍ദേശിച്ചിരിക്കുന്ന മേഖലകളില്‍ പ്രവാസികളെ ഉള്‍പ്പെടുത്തിയാല്‍ കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളെ സ്വദേശിവത്കരണം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫാര്‍മസി മേഖലയിലും പ്രവാസികള്‍ ആശങ്കയില്‍
ഫാര്‍മസി മേഖലയില്‍ രണ്ടായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ നിയമമുണ്ടെന്ന് തൊഴില്‍ മന്ത്രാലയം ഏതാനും നാള്‍ മുന്‍പ് അറിയിച്ചിരുന്നു. 2020 വര്‍ഷാവസാനത്തോടെ ഇത്രയും തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങളുമായി കരാറുകള്‍ ഒപ്പുവച്ചു ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍ക്കരണം ഉയര്‍ത്തുന്നതിനും കൂടുതല്‍ സ്വദേശികള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനും മന്ത്രാലയം ഊര്‍ജ്ജിത ശ്രമം നടത്തുകയാണെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കി.
സ്വകാര്യ മേഖലയില്‍ 14,338 പേര് ഫാര്‍മസിസ്റ്റുകളായി ജോലി ചെയ്യുന്നതായാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്ക്. ഇതില്‍ 2082 പേര് സ്വദേശികളും 12,256 പേര് വിദേശികളുമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദി ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തില്‍ 149 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൗദി ഹെല്‍ത്ത് സ്‌പെഷ്യലിറ്റീസ് കമ്മീഷന്‍ കണക്കാക്കുന്നത്.