
കേരളത്തില്‍ റബ്ബര്‍ വില 160 കടന്നു. മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് റബ്ബര്‍ വില 160 കടക്കുന്നത്. ആര്‍.എസ്എസ്-നാല് റബ്ബറിന് 163 രൂപയാണ് ഇന്നത്തെ നിരക്ക്. തായ്‌ലന്‍ഡിലെ ഇല പൊഴിച്ചില്‍ ഉത്പാദനത്തെ ബാധിച്ചതും അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതുമാണ് ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില ഉയരാന്‍ പ്രധാന കാരണം.
തായ്‌ലന്‍ഡില്‍ റബ്ബറിന് അസാധാരണമായ ഇലവീഴ്ച രോഗമാണ് ബാധിച്ചിരിക്കുന്നത്. ഇതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ റബ്ബറിന്റെ ലഭ്യതയില്‍ കാര്യമായ കുറവുണ്ടായി. വരും മാസങ്ങളിലും ലഭ്യത കുറയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
ആഗോള വിപണിയില്‍, ആര്‍എസ്എസ് -3, ഇന്ത്യയുടെ ആര്‍എസ്എസ് -4 ന് തുല്യമായി കണക്കാക്കപ്പെടുന്നു.100 കിലോയ്ക്ക് 244.80 ഡോളര്‍ അല്ലെങ്കില്‍ കിലോയ്ക്ക് 180.63 രൂപയാണ് അന്താരാഷ്ട്ര വിപണി വില. ബാങ്കോക്കില്‍ 183.43 രൂപയാണ് റബ്ബറിന്റെ വില. 2017 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് റബ്ബര്‍ വില 160 രൂപയിലെത്തിയത്.
2020 ഏപ്രില്‍ 1 മുതല്‍ ആഗോള വിപണിയില്‍ പ്രകൃതിദത്ത റബ്ബര്‍ വില ഇരട്ടിയായി. ആഗോള ഘടകങ്ങളാണ് ഈ കുതിപ്പിന് കാരണം. രാജ്യത്ത് വാഹന വിപണിയിലുണ്ടായ ഉണര്‍വും വില ഉയരാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ ചൈനയില്‍ നിന്നുള്ള ടയറിന്റെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇതോടെ ഇന്ത്യയിലെ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് കൂടുതലായി റബ്ബര്‍ വാങ്ങിത്തുടങ്ങി. കഴിഞ്ഞ മാസം റബ്ബറിന്റെ ഇറക്കുമതിയില്‍ 25,000 ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റബ്ബര്‍ വില ഉയര്‍ന്നെങ്കിലും കര്‍ഷകര്‍, പ്രത്യേകിച്ച് കേരളത്തില്‍, സ്റ്റോക്ക് വില്‍ക്കാന്‍ തയ്യാറാകുന്നില്ല. വിപണിയില്‍ വില വീണ്ടും ഉയര്‍ന്നേക്കാമെന്ന പ്രതീക്ഷയിലാണ് ആരും റബ്ബര്‍ വില്‍ക്കാത്തതെന്ന് മുന്‍ കൊച്ചി റബ്ബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ റബ്ബര്‍ വ്യാപാരി എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ആഗോളതലത്തില്‍, തെക്ക്-കിഴക്കന്‍ ഏഷ്യയിലെ വെള്ളപ്പൊക്കവും ഇലകള്‍ വീഴുന്ന രോഗത്തിന് പുറമെ റബ്ബര്‍ ഉല്‍പാദനത്തെ ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരി-ഓഗസ്റ്റ് മാസങ്ങളില്‍ ആഗോള റബ്ബര്‍ ഉത്പാദനം 8.7 ശതമാനം ഇടിഞ്ഞ് 7.78 ദശലക്ഷം ടണ്ണായി. അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (അചഞജഇ) യുടെ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ഈ വര്‍ഷം ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ ഉത്പാദനം 26.8 ശതമാനം കുറഞ്ഞ് 1.34 ലക്ഷം ടണ്ണായി. ഉപഭോഗം 39 ശതമാനം കുറഞ്ഞ് 2.37 ലക്ഷം ടണ്ണായി. ഒരു വര്‍ഷം മുമ്പ് ഇത് 3.89 ലക്ഷം ടണ്ണായിരുന്നു. ടയര്‍ നിര്‍മാതാക്കളുടെ ഉപഭോഗം 41 ശതമാനം ഇടിഞ്ഞ് 1.64 ലക്ഷം ടണ്ണായി.