
കൊച്ചി: കോവിഡ് പാക്കേജിന്റെ ഭാഗമായി, ബാങ്ക് ഇതര ധനസ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) പണലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഭാഗിക ക്രെഡിറ്റ് ഗാരന്റി പദ്ധതിയുടെ കാലാവധി നീട്ടിയത് ധനകാര്യമേഖലയ്ക്ക് ആശ്വാസമാകും. 45000 കോടി ഇങ്ങനെ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ 21262 കോടി മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ എന്നതു കണക്കിലെടുത്ത് മാനദണ്ഡം പരിഷ്‌കരിക്കുകയും ചെയ്തു.
എന്‍ബിഎഫ്‌സികള്‍ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങള്‍ വാങ്ങി പൊതുമേഖലാ ബാങ്കുകള്‍ പണം ലഭ്യമാക്കുമ്പോള്‍ അതിന്റെ 20 ശതമാനത്തിന് സര്‍ക്കാര്‍ ഗാരന്റി നല്‍കുന്ന പദ്ധതി മേയ് 20 മുതല്‍ 3 മാസത്തേക്കായിരുന്നു. ഇത് നവംബര്‍ 19 വരെ നീട്ടി. ഓരോ ബാങ്കും ഈ പദ്ധതിയില്‍ വിതരണം ചെയ്യുന്ന ആകെ തുകയുടെ 25 ശതമാനമേ എഎ, എഎ മൈനസ് റേറ്റിങ് ഉള്ള കടപ്പത്രങ്ങളും കമേഴ്‌സ്യല്‍ പേപ്പര്‍ പോലെയുള്ള മറ്റു സംവിധാനങ്ങളും വാങ്ങി ലഭ്യമാക്കാവൂ എന്ന വ്യവസ്ഥ മാറ്റി 50% വരെ ഇത്തരം സ്ഥാപനങ്ങള്‍ക്കു നല്‍കാം എന്നാക്കിയത് കേരളത്തിലടക്കമുള്ള എന്‍ബിഎഫ്‌സികള്‍ക്കു കൂടുതല്‍ തുക ഇനിയുമെടുക്കാന്‍ സഹായകമാകും.
ചെറുകിട ഇടത്തരം സംരംഭകര്‍ക്കടക്കം കൂടുതല്‍ വായ്പ നല്‍കാന്‍ ഇതോടെ ധനസ്ഥാപനങ്ങള്‍ക്കു കഴിയും. കേരളം ആസ്ഥാനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് ഇതിനകം 1475 കോടി രൂപ ബാങ്കുകളില്‍നിന്നു സമാഹരിച്ചിട്ടുണ്ട്. വ്യവസ്ഥ പരിഷ്‌കരിച്ചതോടെ ഇനി 600 കോടി രൂപ കൂടി വാങ്ങാനാകുമെന്ന് മാനേജിങ് ഡയറക്ടര്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
ഓരോ വിഭാഗം കടപ്പത്രങ്ങള്‍ക്കും ഓരോ ആസ്തിനിലവാരമുള്ള എന്‍ബിഎഫ്‌സികള്‍ക്കും നല്‍കാവുന്ന തുകയ്ക്കു പരിധി നിശ്ചയിച്ചിരുന്നു. എഎ മൈനസിനു താഴെ നിലവാരമുള്ള കടപ്പത്രങ്ങള്‍ക്കായി നീക്കിവച്ച തുകയ്ക്ക് ആവശ്യക്കാര്‍ വളരെ കുറവായപ്പോള്‍ എഎ, എഎ മൈനസ് വിഭാഗത്തില്‍ തുക തികയുന്നില്ലെന്നു ബോധ്യപ്പെട്ടതാണ് വ്യവസ്ഥ മാറ്റാന്‍ പ്രേരിപ്പിച്ചത്.