
പ്രമുഖ ഐടി കമ്പനിയായ വിപ്രോ ലിമിറ്റഡ് തങ്ങളുടെ ജീവനക്കാരില്‍ 80 ശതമാനത്തിനും ഡിസംബര്‍ ഒന്ന് മുതല്‍ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കുള്ള പ്രമോഷനുകളും ഇതില്‍ ഉള്‍പ്പെടും. കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ തടസ്സങ്ങളുടെയും തുടര്‍ന്നുള്ള പ്രതിസന്ധിയുടെയും അനിശ്ചിതകാലങ്ങളില്‍ ബിസിനസ്സ് വളര്‍ച്ച ഉറപ്പുവരുത്തിയതിന് ജീവനക്കാര്‍ക്കുള്ള പ്രതിഫലമാണിത്.
ബെംഗളൂരു ആസ്ഥാനമായ സോഫ്‌റ്റ്വെയര്‍ സേവന കമ്പനിയായ വിപ്രോ ജീവനക്കാര്‍ക്ക് ഒറ്റ അക്ക ശരാശരി ശമ്പള വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
നിലവില്‍ ഇന്ത്യയിലെ നാലാമത്തെ വലിയ ഐടി സേവന കമ്പനിയായ വിപ്രോയില്‍ 1.85 ലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ തുടങ്ങി നിരവധി വന്‍കിട ഐടി സേവന കമ്പനികളും കൊവിഡ് -19 പ്രതിസന്ധി കാരണം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ശമ്പള വര്‍ദ്ധനവ് നല്‍കിയിരുന്നില്ല.
2020 സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഏകീകൃത അറ്റാദായത്തില്‍ വിപ്രോ 3.40 ശതമാനം അഥവാ 2,465.70 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ തടസ്സമില്ലാത്ത ബിസിനസ്സ് വളര്‍ച്ച ഉറപ്പുവരുത്തുന്നതിലും ഉയര്‍ന്ന സേവന നിലവാരം പുലര്‍ത്തുന്നതിലും ജീവനക്കാര്‍ ശ്രദ്ധേയമായ ഊര്‍ജ്ജസ്വലത പ്രകടിപ്പിച്ചിരുന്നതായി വിപ്രോ വക്താവ് പറഞ്ഞു.
എല്ലാ ജീവനക്കാര്‍ക്കും ഒക്ടോബര്‍ ഒന്നിന് ഐടി വ്യവസായ പ്രമുഖനായ ടിസിഎസ് ശമ്പള വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത വര്‍ഷം ജനുവരി മുതല്‍ ഇന്‍ഫോസിസ് എല്ലാ ജീവനക്കാര്‍ക്കും ശമ്പള വര്‍ധനവും മികച്ച പ്രകടനത്തിന് ഡിസംബറില്‍ പ്രത്യേക പ്രോത്സാഹനവും പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് 100 ശതമാനം വേരിയബിള്‍ പേയും രണ്ടാം പാദത്തിന് പ്രത്യേക ഇന്‍സെന്റീവും നല്‍കുമെന്നും അടുത്ത വര്‍ഷം ജനുവരി ഒന്നിന് എല്ലാ തലങ്ങളിലുമുള്ള ശമ്പള വര്‍ധനയും പ്രമോഷനുകളും നല്‍കുമെന്നും ഒക്ടോബറില്‍ പറഞ്ഞിരുന്നു.